കളമശേരി: കൊച്ചി മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കളമശേരി എച്ച്എംടി റോഡിലെ വൈറ്റ് ടോപ്പിംഗ് പൈലറ്റ് പദ്ധതി ബാധിക്കുന്നതായി പരാതി. കളമശേരി യാര്‍ഡില്‍ നിന്ന് സാധനസാമഗ്രികളുടെ നീക്കത്തെയാണ് റോഡിലെ കോണ്‍ക്രീറ്റ് ജോലി തടസപ്പെടുത്തുന്നത്. ഒരു മാസമായി ഒരു വരി ഗതാഗതമാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മെട്രോയുടെ വാഹനങ്ങളും ഗതാഗത കുരുക്കില്‍ പെടുകയാണ്. ഗര്‍ഡറുകള്‍ അടക്കമുള്ള സാമഗ്രികള്‍ കൊണ്ടു പോകുന്ന വലിയ വാഹനങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നിര്‍മ്മാണവസ്തുക്കളുടെ നീക്കം വൈകുന്നത് മെട്രോ പദ്ധതിയെ സാരമായി ബാധിക്കുമെന്ന് അധികൃതര്‍ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചതാണ്. താത്ക്കാലികമായി വൈറ്റ് ടോപ്പിംഗ് നിര്‍ത്തിവയ്ക്കാമെന്നും ഡിഎംആര്‍സിക്ക് പൊതുമരാമത്ത് വകുപ്പ് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു, എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് വൈറ്റ് ടോപ്പിംഗ് പൂര്‍ത്തിയാക്കാനായി പദ്ധതി പുനരാരംഭിച്ചതാണ് കൊച്ചി മെട്രോയ്ക്ക് പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. അവസാന ഘട്ടത്തിലായ വൈറ്റ് ടോപ്പിംഗ് പദ്ധതി പൂര്‍ത്തിയാകാന്‍ മൂന്ന് മാസം കൂടി വേണ്ടിവരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: