ചങ്ങനാശ്ശേരി: വാഴപ്പള്ളി മഹാദേവക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മണ്ഡപത്തില്‍ തൂക്കിയിരുന്ന കെടാവിളക്കില്‍നിന്നും തീ പടര്‍ന്നതായാണ് പ്രാഥമിക നിഗമനം. നിരവധി കൊത്തുപണികളോടുകൂടിയ മണ്ഡപത്തിന്റെ മേല്‍ക്കൂരയിലെ തടികളിലാണ് തീ പടര്‍ന്നത്. ഇന്നലെ പ്രദോഷമായിരുന്നതിനാല്‍ വൈകിട്ട് വഴിപാടിനായി കരിക്ക് ഒരുക്കിക്കൊണ്ടിരുന്ന ഭക്തരാണ് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ ഇവര്‍ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമനസേന എത്തിയാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. മണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ പൊതിഞ്ഞിരുന്ന തകിടുകള്‍ ചൂടുകൊണ്ട് വളഞ്ഞ് പുറത്തേക്ക് തള്ളിയ നിലയിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: