ഇരിട്ടി: കേരളം ഭരിക്കുകയെന്ന ബിജെപി ലക്ഷ്യം ഈ തെരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഭിപ്രായപ്പെട്ടു. ഇതുവരെ കഴിഞ്ഞുപോയ ഓരോ തെരഞ്ഞെടുപ്പിനെയും ആര് ഭരിക്കുമെന്ന നിലയിലുള്ള മത്സരമായാണ് ബിജെപി കണ്ടത്. എന്നാല്‍ ഈ വരുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി കേരളം ഭരിക്കുമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായാണ് കാണുന്നത്. പി.സത്യപ്രകാശ് പറഞ്ഞു. കീഴൂര്‍ നിവേദിതാ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ഇരിട്ടി മുനിസിപ്പാലിറ്റി മാനേജിംഗ് കമ്മിറ്റി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാറും സരിതയും ബാര്‍ക്കോഴയും മറ്റും കത്തിനില്‍ക്കുന്ന കേരള രാഷ്ട്രീയാന്തരീക്ഷത്തിലൂടെ നിരവധി രാഷ്ട്രീയ നേതാക്കളുടെ ജാഥകള്‍ വിവിധ പേരുകളില്‍ കടന്നുപോയെങ്കിലും ഇന്ന് കേരളത്തിലെ ജനമനസ്സുകളെ ഇളക്കിമറിക്കുന്നത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയാണ്. നാടും നഗരവും ഇന്ന് ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ രണ്ടു കയ്യുംനീട്ടി സ്വീകരിക്കുകയാണ്. കേരളത്തിലും അധികാരത്തിലേറുക എന്ന ബിജെപിയുടെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഓരോ പ്രവര്‍ത്തകനും തങ്ങളുടേതായ ആത്മാര്ത്ഥപ്രവര്ത്തനം കാഴ്ചവെക്കണമെന്നും സത്യപ്രകാശ് പറഞ്ഞു.
ചടങ്ങില്‍ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.രഘു, പി.വി.ദീപ, മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന്, ശങ്കരന് വി.പുന്നാട്, സജിത്ത് കീഴൂര്‍, മനോഹരന് വയോറ, കെ.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: