ഹോം » കേരളം » 

“ആ കേസെങ്കിലും പിന്‍വലിച്ചുകൂടെ…”

July 3, 2011

കോട്ടയം: കലാപത്തിന്‌ കാരണമുണ്ടാക്കിയെന്ന കുറ്റം ചുമത്തി പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസെങ്കിലും സര്‍ക്കാരിന്‌ പിന്‍വലിച്ചുകൂടെയെന്നാണ്‌ തൊടുപുഴ ന്യൂമാന്‍സ്‌ കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ അപേക്ഷ.
ചോദ്യപേപ്പര്‍ വിവാദം ബോധപൂര്‍വ്വം സൃഷ്ടിച്ച സംഭവമാണെന്ന്‌ പ്രൊഫ. ടി.ജെ ജോസഫ്‌ തറപ്പിച്ചുപറയുന്നു. “ഭീകരണാക്രമണമായിരുന്നു എന്റെ കൈവെട്ടിയതെങ്കില്‍ അതിന്റെ മുന്നൊരുക്കമാണ്‌ മാര്‍ച്ച്‌ 26 ന്‌ തൊടുപുഴയില്‍ നടന്നത്‌. എന്നിട്ടും എനിക്കെതിരെ വലിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇതാണ്‌ വലിയ ക്രൂരതകള്‍ പ്രവര്‍ത്തിക്കുവാന്‍ അവര്‍ക്ക്‌ പ്രേരണയായത്‌. ഉപദ്രവിച്ച്‌ ശക്തികാണിക്കാനാണവര്‍ ശ്രമിച്ചത്‌. നാട്ടില്‍ അരാജകത്വവും അസംതൃപ്തിയും വളര്‍ത്തുന്ന തരത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയത്‌ അവരാണ്‌. തീവ്രവാദ പ്രവര്‍ത്തനമാണ്‌ നടന്നതെന്ന്‌ പറയുന്നവര്‍ തന്നെയാണ്‌ തന്നെ കേസില്‍ പ്രതിയാക്കിയത്‌.
സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഒളിവില്‍ പോകേണ്ടിവന്ന തന്നെ പിടികൂടാനായി മകന്‍ മിഥുനെ മൂന്ന്‌ ദിവസം ലോക്കപ്പിലിട്ട്‌ പീഡിപ്പിച്ചു. ഒടുവില്‍ ഏപ്രില്‍ ഒന്നിന്‌ സ്റ്റേഷനിലെത്തി കീഴടങ്ങി. കോടതി റിമാന്റിലയയ്ക്കുകയും ഏഴ്‌ ദിവസത്തിന്‌ ശേഷം ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിനിടെ കോളേജ്‌ മാനേജ്മെന്റ്‌ സസ്പെന്‍ഷന്‍ ഉത്തരവിറക്കി. പിന്നീട്‌ പിരിച്ചുവിട്ടു. 80000 രൂപ ശമ്പളം വാങ്ങിയിരുന്നതാണ്‌. ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ സഹായത്താലും മറ്റ്‌ ആളുകള്‍ നല്‍കുന്ന സഹകരണത്താലും പ്രാര്‍ത്ഥനയാലുമാണ്‌ ജീവിക്കുന്നത്‌. കലാപം നടത്തിയെന്ന പേരില്‍ പോലീസ്‌ എടുത്ത കേസെങ്കിലും പിന്‍വലിക്കുകയാണെങ്കില്‍ അത്രയും ആശ്വാസമായേനെ”, ടി.ജെ ജോസഫ്‌ പ്രയാസങ്ങള്‍ പങ്കുവച്ചുകൊണ്ട്‌ കൂട്ടിച്ചേര്‍ത്തു.
-എസ്‌. സന്ദീപ്‌

Related News from Archive
Editor's Pick