ഹോം » പ്രാദേശികം » എറണാകുളം » 

തീരദേശ ഭൂമി: മത്സ്യത്തൊഴിലാളികള്‍ക്ക്‌ പട്ടയം നല്‍കണം- മത്സ്യപ്രവര്‍ത്തക സംഘം

July 3, 2011

മട്ടാഞ്ചേരി: കായലോര- തീരദേശ പുറമ്പോക്ക്‌ ഭൂമി അര്‍ഹതപ്പെട്ട മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക്‌ പതിച്ചുനല്‍കി പട്ടയം അനുവദിക്കണമെന്ന്‌ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ആവശ്യപ്പെട്ടു. വന്‍കിടഫ്ലാറ്റ്‌ നിര്‍മാതാക്കളും, ഭുമാഫിയകളും വന്‍തുക നല്‍കി പരമ്പരാഗത മത്സ്യതൊഴിലാളികളെ തീരപ്രദേശത്ത്നിന്നും, കായലോരങ്ങളില്‍നിന്നും പുറംതള്ളുന്ന സാഹചര്യം വളര്‍ന്നുവരികയാണ്‌. ഇത്‌ രാജ്യ സുരക്ഷയ്ക്കെന്നപോലെ സാമൂഹികമായും ഏറെ വെല്ലുവിളികളുണര്‍ത്തും. ഇത്‌ കണക്കിലെടുത്ത്‌ മത്സ്യതൊഴിലാളികള്‍ക്ക്‌ ഭൂമി പട്ടയം അനുവദിക്കുന്നതിന്‌ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകണമെന്ന്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രജനീഷ്‌ ബാബു ആവശ്യപ്പെട്ടു. കൂടാതെ മത്സ്യതൊഴിലാളി ഭവനനിര്‍മാണഗ്രാന്റ്‌ അഞ്ച്‌ ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം സര്‍ക്കാരിനോടാവശ്യപ്പെട്ടു. നിലവില്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക്‌ ഭവനനിര്‍മാണത്തിനായി ഫിഷറീസ്‌ വകുപ്പ്‌ മുഖേന ഇപ്പോള്‍ നല്‍കിവരുന്ന ഗ്രാന്റ്‌ 50,000 രൂപയാണ്‌. നിലവില്‍ വീടിന്റെ തറനിര്‍മാണത്തിന്‍പോലും ഈ തുക തികയില്ല. മാറിയ സാഹചര്യത്തില്‍ ഭവനനിര്‍മാണ ഗ്രാന്റ്‌ അഞ്ച്‌ ലക്ഷം രൂപയാക്കി ഉയര്‍ത്തുന്നതിന്‌ നടപടികള്‍ സ്വീകരിക്കണമെന്ന്‌ മത്സ്യപ്രവര്‍ത്തകസംഘം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ കെ.ഡി.ദയാപരന്‍, മേഖലാ കണ്‍വീനര്‍ എന്‍.ടി.പങ്കജാക്ഷന്‍, ജില്ലാ സെക്രട്ടറി എ.കെ.ദാസന്‍ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick