അസ്താന: ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് ഒളിമ്പിക്സില്‍ മത്സരിക്കുവാന്‍ യോഗ്യത. 65 കിലോ ഫ്രീസ്റ്റൈലിലാണ് യോഗേശ്വറിന് യോഗ്യത ലഭിച്ചത്. ഇതോടെ റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ രണ്ടാമത്തെ ഗുസ്തി താരമാണ് യോഗേശ്വര്‍. നേരത്തെ 74 കി.ഗ്രാം വിഭാഗത്തില്‍ നര്‍സിംങ് യാദവിന് യോഗ്യത നേടിയിരുന്നു.
65 കി.ഗ്രാം വിഭാഗം സെമിഫൈനലില്‍ ദക്ഷിണ കൊറിയയുടെ ലീ സ്യുങ്ചുല്ലിനെയാണ് യോഗേശ്വര്‍ പരാജയപ്പെടുത്തിയത് (7-2). നേരത്തെ യോഗ്യതാ റൗണ്ടില്‍ ഉത്തര കൊറിയയുടെ കിം ജുസോങ്ങിനെയും ക്വാര്‍ട്ടറില്‍ വിയറ്റ്നാമിന്റെ ക്യാന്‍ ദിന് എന്ഗ്യുയെന്നിനെയുമാണ് യോഗേശ്വര്‍ മലര്‍ത്തിയടിച്ചത്.
കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ഇന്ത്യയുടെ സൂപ്പര്‍ ഗുസ്തി താരമായ യോഗേശ്വര്‍. 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും യോഗേശ്വറിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: