ഹോം » വിചാരം » രാജനൈതികം

മാധ്യമരംഗവും ഫാസിസവും

കേരളത്തിലിപ്പോള്‍ മാധ്യമ മാന്യതയുടെ അളവുകോല്‍ നിശ്ചയിക്കുന്നതില്‍ മുന്‍പന്തിയിലുള്ള പാര്‍ട്ടി സി പിഎം ആണ്. ഒരു പ്രമുഖ ചാനലില്‍ ഒരു അവതാരക ദുര്‍ഗ്ഗാദേവിയെ മോശമാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് അവര്‍ക്കെതിരെ ചിലര്‍ ഫോണിലൂടെ ഭീഷണി ഉയര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതില്‍ ശക്തമായി പ്രതിഷേധിച്ച് കേരളം കീഴ്‌മേല്‍ മറിച്ചിടാന്‍ മുന്നിട്ടിറങ്ങിയത് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ മുന്‍സംസ്ഥാനസെക്രട്ടറിയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഈ നേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ ശുഷ്‌ക്കമായ സദസ്സ് മാത്രമാണുണ്ടായിരുന്നത്. കാലിയായ കസേരകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകരെ സംഘടിതമായി സിപിഎമ്മുകാര്‍ ആക്രമിച്ചു. ഇത് കണ്ടിട്ട് അരുതെന്ന് ഒരു വാക്കുച്ചരിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗമോ നേതാക്കളോ ശ്രമിച്ചതുമില്ല. എങ്ങനെയെങ്കിലും പ്രശ്‌നം ആരുമറിയാതെ തീര്‍ക്കാനാണ് മാധ്യമനേതാക്കന്മാരും ശ്രമിച്ചത്. ഇത്രയും പരിതാപകരമാണ് കേരളത്തിന്റെ അവസ്ഥ.

mediaജനാധിപത്യഭാരതത്തിന്റെ മുന്നേറ്റത്തില്‍ ശ്രദ്ധേയമായ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചുവരുന്നത്. അമേരിക്കന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം പ്രത്യേകമായി തുന്നി ചേര്‍ത്തിട്ടുണ്ടെങ്കിലും ഭാരതത്തിലതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഡോക്ടര്‍ അംബേദ്ക്കര്‍ മാധ്യമങ്ങള്‍ക്കു പ്രത്യേകമായി അവകാശസംരക്ഷണം ഭരണഘടനയില്‍ മൗലികാവകാശമായി ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പക്ഷക്കാരനായിരുന്നു. ഭരണഘടനയുടെ 19-ാം അനുഛേദം പൗരനുനല്‍കുന്ന മൗലികാവകാശങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ള കാര്യങ്ങളാണ് പത്രപ്രവര്‍ത്തകര്‍ക്കും ബാധകമായിട്ടുള്ളത്.

ഭരണഘടനാ നിര്‍മ്മാണസഭയില്‍ പ്രത്യേകമായി മാധ്യമ സ്വാതന്ത്ര്യം വ്യവസ്ഥചെയ്യണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിരുന്നതാണ്. പക്ഷേ അതുവേണ്ടെന്നു ശക്തമായി വാദിച്ച് അംഗീകരിപ്പിച്ചത് ഡോക്ടര്‍ അംബേദ്ക്കര്‍ ആയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന നാട് ഭാരതമാണ്. ഭാരത സമൂഹവും നീതിപീഠങ്ങളും രാഷ്ട്രീയ സംവിധാനങ്ങളുമൊക്കെ മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഏറ്റവുമൊടുവിലായി പരിഗണിച്ച കേസ്സില്‍ മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിനും സ്വയം നിയന്ത്രണത്തിനും വിധേയരാകുമെന്ന പ്രതീക്ഷയില്‍ അവര്‍ക്കെതിരെ നിയന്ത്രണ വ്യവസ്ഥകള്‍ വേണ്ടെന്നു വെയ്ക്കുകയാണുണ്ടായത്.

മാധ്യമങ്ങള്‍ സമാന്തരകോടതികളാവുന്നു എന്ന ആക്ഷേപത്തിനുള്ള മറുപടിയിലാണ് പരമോന്നത നീതിപീഠം മാധ്യമങ്ങളുടെ സ്വയം നിയന്ത്രണമെന്ന തത്വത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളത്.
എന്നാല്‍ ആനുകാലിക ഇന്ത്യന്‍ മാധ്യമരംഗം ശരിയായ ദിശയിലാണുപോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തന്നെ “പെയ്ഡ്‌ന്യൂസ്” സാര്‍വത്രികമായെന്ന് കാര്യകാരണസഹിതം ആക്ഷേപിച്ചിട്ടുണ്ട്. ബര്‍ഖാദത്തും സര്‍ദേശായിമാരുമൊക്കെ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നത് പകല്‍പോലെ ഇപ്പോള്‍ വ്യക്തമാണ്. മാധ്യമങ്ങള്‍ എങ്ങോട്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഇനി അമാന്തിച്ചുകൂടാ. മാധ്യമങ്ങളുടെ മൂല്യങ്ങള്‍ കൂടുതലായി ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.
ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി സ്വതന്ത്ര ഭാരതത്തിലെ മാധ്യമ വേട്ടയുടെ ഏറ്റവും വലിയ ഇരയാണ്. ഒരു വ്യാഴവട്ടക്കാലം ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ മാധ്യമവേട്ടയ്ക്ക് അദ്ദേഹം വിധേയനാവുകയായിരുന്നു.

വര്‍ഗ്ഗീയ ഫാസിസ്റ്റ്, ആധുനിക ഹിറ്റ്‌ലര്‍, വംശഹത്യക്കാരന്‍, മരണത്തിന്റെ വ്യാപാരി, നരാധമന്‍ തുടങ്ങിയ ക്രൂരമായ പ്രയോഗങ്ങള്‍ തലങ്ങും വിലങ്ങും ഭൂരിപക്ഷം മാധ്യമങ്ങളും നരേന്ദ്രമോദിക്കെതിരെ പ്രയോഗിച്ചിട്ടുണ്ട്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദി വേട്ടയാടപ്പെടുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട ഒരു കേസിലും അദ്ദേഹം പ്രതിയല്ല. ഒരു കോടതിയും അദ്ദേഹത്തില്‍ കുറ്റംകണ്ടെത്തിയിട്ടില്ല. ജുഡീഷ്യല്‍ കമ്മീഷന്‍ ഇതുവരെ മോദിയുടെ പേരില്‍ കുറ്റം ചാര്‍ത്തിയിട്ടില്ല. കുറ്റമാരോപിച്ച് മോദിക്കെതിരെ ആരും സ്വകാര്യ അന്യായം ഇന്നുവരെ ഫയലാക്കിയിട്ടില്ല. സി. ബി. ഐ. സ്‌പെഷ്യല്‍ ടീമിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയില്‍ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞതുമില്ല. എന്നിട്ടും വ്യാപകമായി മാധ്യമ പ്രചരണങ്ങള്‍ നരേന്ദ്രമോദിയെ വരിഞ്ഞുമുറുക്കി; ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണുണ്ടായത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ജനങ്ങള്‍ അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും സംരക്ഷിക്കുകയുമാണുചെയ്തത്.

മാധ്യമവിഷബാധയേറ്റ് തളരുമ്പോഴും മാധ്യമങ്ങള്‍ക്കെതിരെ പ്രതിരോധത്തിനോ പ്രത്യാക്രമണത്തിനോ നരേന്ദ്രമോദി ശ്രമിച്ചതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനുണ്ടാവില്ല. ജനങ്ങളില്‍ അചഞ്ചലമായ വിശ്വാസമര്‍പ്പിക്കുന്ന ഒരു ജനനേതാവിന് എങ്ങനെ കുപ്രചരണങ്ങളെ അതിജീവിക്കാനാവുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നരേന്ദ്രമോദി. നരേന്ദ്രമോദിക്കെതിരെ ഉറക്കെ ഉറപ്പിച്ച് ആരോപണമുന്നയിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ തലവാചകമാക്കി ആഘോഷിച്ച മലയാള മാധ്യമങ്ങള്‍ അതൊക്കെ കളവെന്നുതെളിഞ്ഞപ്പോള്‍ കുറ്റകരമായ മൗനമാണ് അക്കാര്യത്തില്‍ അവലംബിച്ചത്. അറിയാനുള്ള പൗരന്റെ അവകാശം ഇക്കാര്യത്തില്‍ നിഷേധിക്കപ്പെടുകയായിരുന്നു. ഗുജറാത്ത് കലാപം കത്തിക്കാളുമ്പോള്‍ ഉന്നതപോലീസ് ഓഫീസര്‍മാരുടെ യോഗം വിളിച്ചുകൂട്ടി ഹിന്ദുക്കള്‍ക്ക് തിരിച്ചടിക്കാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു എന്ന ഗുരുതരമായ ആരോപണമാണ് അന്നുയര്‍ത്തിയത്.

സഞ്ജീവ് ഭട്ട് എന്ന ഉന്നത ഉദ്യോഗസ്ഥന്‍ ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തിരുന്നു എന്നവകാശപ്പെടുകയാണുണ്ടായത്. ഈ ആരോപണത്തിന് തെളിവായി അദ്ദേഹം തന്റെ സത്യവാങ്മൂലവും അഫിഡവിറ്റും അധികൃതര്‍ മുമ്പാകെ ഹാജരാക്കിയിരുന്നു. കോടതിയിലും ഇത്തരത്തില്‍ സഞ്ജീവ് ഭട്ട് ആരോപണമുന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഈ ആക്ഷേപം ലോകമെമ്പാടും മോദിക്കെതിരെ പ്രചരിക്കപ്പെട്ടത്.

എന്നാല്‍ ഈ ആരോപണം അന്വേഷിക്കാനായി സുപ്രീം കോടതി നിയോഗിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സഞ്ജീവിന്റെ ആരോപണം കളവെന്ന് കണ്ടെത്തുകയായിരുന്നു. സഞ്ജീവിന്റെ മൊബൈല്‍ ഫോണും ടവര്‍ ലൊക്കേഷനുമൊക്കെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ സഞ്ജീവ് ഭട്ട് അന്ന് സ്ഥലത്തുതന്നെ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കപ്പെടുകയാണുണ്ടായത്. ഈ കള്ളമൊഴി നല്‍കലും മറ്റ് ആക്ഷേപങ്ങളും അടിസ്ഥാനമാക്കി ഈ ഓഫീസറെ അച്ചടക്ക നടപടിക്കു വിധേയമായി പിരിച്ചുവിടുകയുമുണ്ടായി. ഇക്കാര്യത്തില്‍ സുപ്രീംകോടതി സഞ്ജീവിന്റെ ഹര്‍ജി തള്ളുകയും നിങ്ങള്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് വിധിയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രയും സുപ്രധാനമായ വിവരങ്ങള്‍ ഒരു കേവല വാര്‍ത്ത പോലും ആകാതെപോയ നാടാണ് കേരളം. സത്യമാണീശ്വരന്‍ എന്നു വിശ്വസിക്കുന്ന ഒരു നാട്ടില്‍ എന്തേ മാധ്യമങ്ങള്‍ ഈ സത്യം തമസ്‌ക്കരിച്ചു. മോദിക്കെതിരെ അതിക്രൂരമായ ആരോപണങ്ങളുടെ കൂരമ്പുകള്‍ പായിച്ചവര്‍ യഥാര്‍ത്ഥവസ്തുതകള്‍ പുറത്തുവന്നപ്പോള്‍ സ്വീകരിച്ച മൗനം കുറ്റകരമല്ലേ? ഇത് പത്രധര്‍മ്മത്തിന്റെ നഗ്നമായ ലംഘനമല്ലേ?

കേരളത്തിലിപ്പോള്‍ മാധ്യമ മാന്യതയുടെ അളവുകോല്‍ നിശ്ചയിക്കുന്നതില്‍ മുന്‍പന്തിയിലുള്ള പാര്‍ട്ടി സി പിഎം ആണ്. ഒരു പ്രമുഖ ചാനലില്‍ ഒരു അവതാരക ദുര്‍ഗ്ഗാദേവിയെ മോശമാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് അവര്‍ക്കെതിരെ ചിലര്‍ ഫോണിലൂടെ ഭീഷണി ഉയര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതില്‍ ശക്തമായി പ്രതിഷേധിച്ച് കേരളം കീഴ്‌മേല്‍ മറിച്ചിടാന്‍ മുന്നിട്ടിറങ്ങിയത് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ മുന്‍സംസ്ഥാനസെക്രട്ടറിയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ഈ നേതാവിന്റെ പ്രസംഗം കേള്‍ക്കാന്‍ ശുഷ്‌ക്കമായ സദസ്സ് മാത്രമാണുണ്ടായിരുന്നത്. കാലിയായ കസേരകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഏഷ്യാനെറ്റ് മാധ്യമപ്രവര്‍ത്തകരെ സംഘടിതമായി സിപിഎമ്മുകാര്‍ ആക്രമിച്ചു.

ഇത് കണ്ടിട്ട് അരുതെന്ന് ഒരു വാക്കുച്ചരിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗമോ നേതാക്കളോ ശ്രമിച്ചതുമില്ല. എങ്ങനെയെങ്കിലും പ്രശ്‌നം ആരുമറിയാതെ തീര്‍ക്കാനാണ് മാധ്യമനേതാക്കന്മാരും ശ്രമിച്ചത്. ഇത്രയും പരിതാപകരമാണ് കേരളത്തിന്റെ അവസ്ഥ. കേരള സര്‍വ്വകലാശാല കലോത്സവം ചെങ്ങന്നൂരില്‍ നടന്നപ്പോഴും സിപിഎം കയ്യാങ്കളിക്ക് മാധ്യമപ്രവര്‍ത്തകര്‍ ഇരകളായിരുന്നു. പക്ഷേ പ്രതിഷേധിക്കാന്‍ ആരും മുന്നോട്ടുവന്നില്ല. പ്രവാചകനിന്ദ നടത്തി എന്നാരോപിച്ച് ഒരു പത്രത്തിന്റെ ഓഫീസുകള്‍ക്കു നേരെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ നടന്നിരുന്നു. പക്ഷേ ഒരിടത്തും കേസ്സെടുത്തതായി അറിയില്ല. കേരളത്തിലെ മിക്ക വാര്‍ത്താമാധ്യമത്തിലും ഇതൊന്നും വാര്‍ത്തയായില്ല.

അറിയാനുള്ള പൗരന്റെ അവകാശം മൗലികാവകാശം പോലെയെന്നു പ്രഖ്യാപിച്ച നാട്ടിലെ സ്ഥിതിയാണിത്. യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ് തൊപ്പി ഇക്കൂട്ടരുടെ ശിരസ്സില്‍ പ്രതിഷ്ഠിക്കയല്ലേ വേണ്ടത്? ബിജെപി കേരളത്തില്‍ മാധ്യമങ്ങളെ മാനിക്കുന്ന കക്ഷിയാണ്. ഭാരതമൊട്ടാകെ സംഘപരിവാറിന്റെ നിലപാട് ഇതുതന്നെയാണ്. ആസുത്രിതമായി മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കാന്‍ സംഘപരിവാര്‍ ഇറങ്ങി പുറപ്പെട്ട ചരിത്രവുമില്ല. എന്നാല്‍ സിപിഎമ്മിന്റെ സ്ഥിതി മറിച്ചാണ്. പക്ഷേ കേരളത്തിലെ മാധ്യമരംഗം പൊതുവില്‍ അന്ധമായ ബിജെപി വിരോധത്താല്‍ നയിക്കപ്പെടുകയാണ്. ഇത് മാറേണ്ടിയിരിക്കുന്നു.

psspillai@yahoo.in
Related News from Archive
Editor's Pick