തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഭിഷകര് മുന്നില്‍. ഒ. രാജഗോപാലും പി.എസ്. ശ്രീധരന് പിള്ളയും ഉള്‍പ്പെടെ 21 വക്കീലന്മാരാണ് താമര ചിഹ്നത്തില്‍ മത്സരിക്കുക. ഗുരുവായൂരിലെ സ്ഥാനാര്‍ത്ഥി നിവേദിതയ്ക്കും മഞ്ചേരിയിലെ സ്ഥാനാര്‍ത്ഥി സി. ദിനേശനും എല്‍എല്‍ബിക്ക് ഒപ്പം എംബിഎ ബിരുദവും ഉണ്ട്. 16 പേര് ബിരുദാനന്തര ബിരുദക്കാരാണ്. 41 പേര് ബിരുദധാരികളും. പ്രീഡിഗ്രിക്കാര് 13 പേരുണ്ട്.
അഭിഭാഷകര്‍ കഴിഞ്ഞാല്‍ പട്ടികയില്‍ കൂടുതല്‍ പേര് സാമൂഹ്യപ്രവര്‍ത്തകരാണ്. 19 പേര്. 13 കര്‍ഷകരും 13 അധ്യാപകരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. 10 സ്ഥാനാര്‍ത്ഥികള്‍ ബിസിനസ്സ് ചെയ്യുന്നവരാണ്. രണ്ടു പേര് സിനിമാ സംവിധായകരാണ്. സിനിമാനടനും ക്രിക്കറ്റ് കളിക്കാരനും തന്ത്രിയും മെഡിക്കല്‍ റെപ്പും കോണ്‍ട്രാക്ടറും എല്‍ഐസി ഏജന്റും അക്കൗണ്ട്സ് ഓഫീസറും ഉള്‍പ്പെടെ എല്ലാ മേഖലകളിലുമുള്ളവര്‍ ബിജെപി പട്ടികയില്‍ സ്ഥാനം പിടിച്ചു.
മത്സരിക്കുന്നവരില്‍ പ്രായത്തില്മുന്നില് 86 കാരനായ ഒ. രാജഗോപാലാണ്. തൃപ്പുണിത്തുറയിലെ സ്ഥാനാര്‍ത്ഥി പ്രൊഫ.തുറവൂര്‍ വിശ്വഭരനാണ് രണ്ടാമത്. 72 വയസ്സ്. കല്ല്യാശ്ശേരിയിലെ അരുണ്‍ കെ.പി യും ബി. രതീഷുമാണ് പ്രായം കുറഞ്ഞവര്‍. ഇരുവര്‍ക്കും 31 വയസ്സുമാത്രം. 33 വയസ്സുകാരായ എസ.് ശ്രീശാന്ത് (തിരുവനന്തപുരം), ഉല്ലാസ് (വടക്കാഞ്ചരി), രാജി പ്രസാദ് (ആറ്റിങ്ങല്‍) എന്നിവരാണ് തൊട്ടടുത്ത്. ഇവര്‍ ഉള്‍പ്പെടെ 16 പേര് 40 വയസ്സില്‍ താഴെയുള്ളവരാണ്.
34 പേര് 40നും 50നും ഇടയില്‍ പ്രായക്കാരും 26 പേര് 50 നും 60നും ഇടയില്‍ പ്രായക്കാരുമാണ്. രാജഗോപാലും തുറവൂരും ഉള്‍പ്പെടെ 60 കഴിഞ്ഞവര്‍ 20 പേരുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ശരാശരി പ്രായം 49 ആണ്.
പട്ടികയിലുള്ളവരില്‍ ഏറ്റവും കൂടുതല്‍ തവണ ജയിച്ചയാള്‍ എന്ന പേരുകാരന് നെന്മാറയിലെ സ്ഥാനാര്‍ത്ഥി എന്‍. ശിവരാജനാണ്. പാലക്കാട് നഗരസഭയിലേക്ക് ആറു തവണ ജയിച്ച റിക്കാര്‍ഡാണ് ശിവരാജനുള്ളത്. മലമ്പുഴയിലെ കൃഷ്ണകുമാറും കാഞ്ഞിരപ്പള്ളിയിലെ വി. എന്‍. മനോജും നാലു തവണ വീതം തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുള്ളവരാണ്. ആലുവായിലെ സ്ഥാനാര്‍ത്ഥി ലതാ ഗംഗാധരന് മൂന്നു തവണയായി പഞ്ചായത്തംഗമാണ്. പാലക്കാട് നഗരസഭാ ഉപാധ്യക്ഷന്‍ കൃഷ്ണകുമാര്‍ മലമ്പുഴയിലും ജില്ലാപഞ്ചായത്തഗം രാജേശ്വരിയമ്മ കൊട്ടാരക്കരയിലും സ്ഥാനാര്‍ത്ഥികളാണ്.
മൂന്നു തവണ ലോക്സഭയിലേക്കും അത്രയും തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള ഒ. രാജഗോപാലും സി. കെ. പത്മനാഭനും നാലുപ്രാവശ്യം ലോകസഭയിലേക്കും രണ്ടുതവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള പി. കെ. കൃഷ്ണദാസും ഇക്കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനക്കാരായ മൂന്നുപേര്‍ പട്ടികയിലുണ്. കുമ്മനം രാജശേഖരന് (തിരുവനന്തപുരം-1987) പി. കെ. കൃഷ്ണദാസ് (കാസര്‍കോട്-2001)കെ. സുരേന്ദ്രന് (മഞ്ചേശ്വരം-2011) എന്നിവരാണിവര്‍. ലോക്സഭയില്‍ 2014ല്‍ ഒ. രാജഗോപാല്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു. കന്നിക്കാരായി ജനവിധിതേടുന്നു 26 പേര് പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: