ഹോം » വാര്‍ത്ത » 

ഫാറൂഖിന്‌ അന്ത്യാഞ്ജലി

January 27, 2012

പുതുച്ചേരി: അന്തരിച്ച കേരള ഗവര്‍ണര്‍ എം.ഒ.എച്ച്‌. ഫാറൂഖിന്‌ രാജ്യത്തിെ‍ന്‍റ അന്ത്യാഞ്ജലി. ഇന്നലെ വൈകിട്ട്‌ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഓപ്പലത്തെ ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പോണ്ടിച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി, ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട എന്നിവരുള്‍പ്പെടെ നിരവധി നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പുതുച്ചേരിയിലെ അദ്ദേഹത്തിെ‍ന്‍റ വീട്ടില്‍ എത്തിയിരുന്നു. പുതുച്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും അദ്ദഹേത്തിന്‌ അന്ത്യയാത്ര നല്‍കാന്‍ എത്തി.
വൃക്കരോഗത്തെ തുടര്‍ന്ന്‌ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാറൂഖ്‌ വ്യാഴാഴ്ച രാത്രിയാണ്‌ അന്തരിച്ചത്‌. 1937 സെപ്തംബര്‍ ആറിന്‌ ജനിച്ച അദ്ദേഹം പോണ്ടിച്ചേരിയെ ഫ്രഞ്ച്‌ അധീനതയില്‍ നിന്ന്‌ മോചിപ്പിക്കുന്നതിന്‌ നടത്തിയ സമരത്തില്‍ പങ്കെടുത്തു കൊണ്ടാണ്‌ പൊതുരംഗത്തേക്കു വന്നത്‌. മൂന്നു തവണ പോണ്ടിച്ചേരി മുഖ്യമന്ത്രിയായും മൂന്ന്‌ തവണ ലോക്സഭയില്‍ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രത്തില്‍ വ്യോമയാനത്തിന്റെയും ടൂറിസത്തിന്റെയും സഹമന്ത്രിയായും സൗദിയിലെ അംബാസഡറായും ചുമതല വഹിച്ചു. ജാര്‍ഖണ്ഡിലാണ്‌ ഗവര്‍ണറായി ആദ്യം നിയമിക്കപ്പെട്ടത്‌. കഴിഞ്ഞ ആഗസ്റ്റ്‌ 25നാണ്‌ കേരളത്തിന്റെ ഗവര്‍ണറായത്‌.
വൈകുന്നേരം നാലരയ്ക്ക്‌ വിലാപയാത്രയായി ജൂമാമസ്ജിദില്‍ മൃതദേഹം എത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസംഘവും ഉദ്യോഗസ്ഥരും ജാര്‍ഖണ്ഡ്‌ ഗവര്‍ണര്‍ ഡോ.സെയ്ദ്‌ അഹമ്മദ്‌, മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട തുടങ്ങിയവരും മൃതദേഹത്തെ അനുഗമിച്ചു. രാഷ്ട്രീയ – സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രമുഖരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ്‌ മൃതദേഹം സംസ്ക്കരിച്ചത്‌.
രാവിലെ പോണ്ടിച്ചേരി സഫ്രാന്‍ സ്ട്രീറ്റില്‍ ബീച്ച്‌ റോഡിലുള്ള ഗവര്‍ണറുടെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്‌, കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വി.നാരായണസ്വാമി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ തന്നെ പോണ്ടിച്ചേരിയിലെത്തിയിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ കെ.സി. ജോസഫ്‌, അടൂര്‍ പ്രകാശ്‌, ഡോ.എം.കെ.മുനീര്‍, വി.കെ.ഇബ്രാഹിംകുഞ്ഞ്‌, രമേശ്‌ ചെന്നിത്തല എംഎല്‍എ, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍, സംസ്ഥാന ഡിജിപി ജേക്കബ്ബ്‌ പുന്നൂസ്‌, പൊതുഭരണ വകുപ്പ്‌ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ എന്നിവരും ആദരാഞ്ജലികളര്‍പ്പിച്ചു.
പോണ്ടിച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി, മുന്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി വൈദ്യലിംഗം, മുന്‍ മന്ത്രി ഇ.വല്‍സരാജ്‌ എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിക്കു വേണ്ടിയും റീത്ത്‌ സമര്‍പ്പിച്ചു.പോണ്ടിച്ചേരി ലഫ്‌.ഗവര്‍ണര്‍ ഡോ.ഇഖ്ബാല്‍ സിംഗ്‌, മന്ത്രിമാരായ രാജവേല്‍, പനീര്‍ശെല്‍വം, ത്യാഗരാജന്‍, ചന്ദ്രഹാസന്‍ എന്നിവരും ചീഫ്‌ സെക്രട്ടറി എം.സത്യവതി , വകുപ്പു സെക്രട്ടറിമാര്‍ എന്നിവരും മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.പോണ്ടിച്ചേരി കേരള സമാജം, തമിഴ്സംഘം ഭാരവാഹികളും ജാര്‍ഖണ്ഡില്‍ നിന്നുള്ള സംഘവും മൃതദേഹത്തിന്‌ അന്തിമോപചാരമര്‍പ്പിച്ചു.
എം.ഒ.എച്ച്‌. ഫാറൂഖിെ‍ന്‍റ വിയോഗം പുതുച്ചര്‍ക്ക്‌ മാത്രമല്ല രാഷ്ട്രത്തിന്‌ തന്നെ നികത്താനാവാത്ത നഷ്ടമാണെന്ന്‌ പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick