ഹോം » പൊതുവാര്‍ത്ത » വെബ്‌ സ്പെഷ്യല്‍

ഉത്സവങ്ങളുടെയും ആനകളുടെയും ചരിത്രം കേരളത്തില്‍

April 26, 2016

elephantനെറ്റിപ്പട്ടം കെട്ടി ആനയെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളില്‍ ഏറ്റവും പഴക്കമുള്ള പൂരം, കൊല്ലം തോറും അനവധി ആനകളെ എഴുന്നള്ളിച്ചു നടത്തിവരുന്ന ആറാട്ടുപുഴ പൂരമാണെന്ന് വിശ്വസിക്കുന്നു (ഒരുകാലഘടത്തില്‍ 108 ആനകള്‍ ഈ മേളയില്‍ പങ്കെടുക്കാറുണ്ടായിരുന്നു). ദേവമേള എന്നും ദേവസംഗമം എന്നും അറിയപെടുന്ന ആറാട്ടുപുഴ പൂരത്തിന് 1400 വര്‍ഷത്തിലേറെ പഴക്കമുള്ള പാരമ്പര്യം അവകാശപ്പെടാനുണ്ട് ( ലഭ്യമായവയില്‍ ഏറ്റവും പഴയ പുരാരേഖകള്‍ എ.ഡി 583ലേതാണ്).

എങ്കിലും, ആനകളെഎഴുന്നള്ളിക്കുന്ന സമ്പ്രദായം കൃത്യമായി എപ്പോഴാണ് തുടങ്ങിയത് എന്ന് വ്യക്തമല്ല. കൊച്ചി രാജവംശത്തിന്റെ തൃപ്പൂണിത്തുറ ക്ഷേത്രത്തോട് ചുറ്റപ്പെട്ടു പ്രസിദ്ധമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനേകം കഥകളില്‍ ആനകളെ ഉപയോഗിച്ചുള്ള ഉത്സവഎഴുന്നള്ളിപ്പുകള്‍ പരാമര്‍ശിക്കപെടുന്നു. പതിനഞ്ചു ആനകളെ എഴുന്നള്ളിച്ച ഗംഭീര എഴുന്നള്ളത്തു വീക്ഷിച്ച വില്ല്വമംഗലം സ്വാമിയാരുടെ കഥ പ്രസിദ്ധമാണല്ലോ.

ചരിത്രാരംഭകാലം മുതല്‍ക്കു തന്നെ ആനകളെ മെരുക്കാന്‍ മനുഷ്യന്‍ ശ്രമിച്ചിരുന്നു എന്നിരിക്കലും, ക്ഷേത്രോത്സവങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ 1700–1800 കളിലാണ് ഉത്സവങ്ങളില്‍ ആനകളെഎഴുന്നള്ളിക്കുന്നതിന്റെ രേഖകള്‍ കണ്ടുതുടങ്ങിയത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലയിലെ ഇതിഹാസം വിവരിക്കുന്ന, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ ഐതിഹ്യമാലയുടെ കാലഘട്ടവും അതിലെ വസ്തുതകളും ഈ നിഗമനങ്ങള്‍ക്ക്‌ സാക്ഷ്യംനല്കുന്നു. ഐതിഹാസിക പ്രശസ്തി നേടിയ എട്ടു ആനകളുടെ കഥകള്‍ ഐതിഹ്യമാലയിലുണ്ട്.

പെപിതസെത് എഴുതിയ ‘ഹെവന്‍ ഓണ്‍ എര്‍ത്ത് ‘ എന്ന പുസ്തകത്തില്‍, ഗുരുവായൂരമ്പലത്തിന്റെ ചരിത്രം പ്രതിപാദികുന്ന വേളയില്‍ കൊച്ചി രാജാവും സാമൂതിരിയും തമ്മിലുള്ള മാത്സര്യങ്ങളുടെ ഭാഗമായി 1780 കളില്‍ കൊച്ചി രാജാവ് ഗുരുവായൂര്‍ ഉത്സവത്തിന് ആനയെ വിട്ടുകൊടുക്കാതിരുന്ന സംഭവം പരാമര്‍ശിക്കുന്നുണ്ട്. ഇതും മേല്‍പ്പറഞ്ഞ കാലഗണനയ്ക്ക് ബലം പകരുന്നു.

സി അച്യുതമേനോന്റെ ‘ കൊച്ചിന്‍ സ്റ്റേറ്റ് മാനുവലില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊച്ചിയുടെ വനങ്ങളില്‍ നിന്നും വന്‍തോതില്‍ നടത്തിയ ആന പിടുത്തത്തെ പറ്റി പറയുന്നുണ്ട് . 1890 കളില്‍ കമ്പനിയുടെ ഇമ്പിരിയല്‍ ഫോറെസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിനു കൊച്ചിയില്‍ മാത്രം 20 ആനകള്‍ ഉണ്ടായിരുന്നു. അതില്‍ എട്ട് ആനകള്‍ കമ്പനിയുടെയും , 12 ആനകള്‍ ദേവസ്വത്തിന്റെ കീഴിലും ആയിരുന്നു എന്ന് കാണുന്നു. അന്നും ഉത്സവങ്ങളും ആന എഴുന്നള്ളത്തും ഉണ്ടായിരുന്നു എന്നതിനു സൂചകമാകുന്നു ഈ വസ്തുതകള്‍.

അതുപോലെ, നിലമ്പൂര്‍, കൊല്ലങ്കോട് രാജാക്കന്‍മാര്‍ ആനകളെ പിടിച്ചു മെരുക്കിയിരുന്നതിനെ പറ്റി ‘മലബാര്‍ ഗസറ്റില്‍ ‘ പറയുന്നുണ്ട്. മേല്പത്തൂര്‍ നാരായണ ഭട്ടതിരിപാടിന്റെ ‘അഷ്ടമി പ്രബന്ധത്തില്‍ ‘ (1559–1645) ആനകളുടെ മസ്തകത്തില്‍ അലങ്കാരമായി ചാര്‍ത്തുന്ന നെറ്റിപ്പട്ടത്തില്‍ ചന്ദ്രകലാകൃതിയിലുള്ള അലങ്കാരത്തെ പറ്റി പരാമര്‍ശിച്ചു കാണുന്നു. ഇത്, കേരളത്തില്‍ 1500 — 1600 കാലഘട്ടത്തിലും ആനകളെ എഴുന്നള്ളിച്ചിരുന്നു എന്നതിനു തെളിവായി സ്വീകരിക്കാവുന്നതാണ്.

എന്ത് തന്നെ ആയാലും ആനകളെ ഉപയോഗിച്ചുള്ള ഉത്സവങ്ങള്‍ എല്ലാം തന്നെ പുരാതന പാരമ്പര്യത്തിന്റെയും ദേവതകളുടെ പ്രൗഡിയുടെയും കെട്ടുകാഴ്ചകള്‍ ആയിരുന്നു എന്നാണു ലഭ്യമായ ഈ തെളിവുകളെല്ലാം ഒരു പരിധിവരെ സമര്‍ഥിക്കുന്നത്

Related News from Archive
Editor's Pick