തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് പൂര്‍ത്തിയാകും. മൂന്നുമണിവരെയാണ് പത്രിക സ്വീകരിക്കുക. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ മെയ് 2 മൂന്നുമണിക്ക് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ചിഹ്നം അനുവദിക്കുക.
സംസ്ഥാനത്തൊട്ടാകെ ഇന്നലെ 283 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു. ഇതോടെ ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം 912 ആയി. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. 128 എണ്ണം.
കുറവ് പത്തനംതിട്ട ജില്ലയിലാണ് 23 എണ്ണം. ഇന്നലെ ലഭിച്ച പത്രികകളുടെ എണ്ണം ജില്ല തിരിച്ച്. (ബ്രാക്കറ്റില്‍ ഇതുവരെ ലഭിച്ച പത്രികകള്‍). കാസര്‍കോഡ്-9(30), കണ്ണൂര്‍ 15(70), വയനാട് 8 (25), കോഴിക്കോട് 26 (96), മലപ്പുറം 32(128), പാലക്കാട് 17(76). തൃശൂര്‍ 32(92), എറണാകുളം-33(100), ഇടുക്കി-10(30),കോട്ടയം-23 (54), ആലപ്പുഴ -17(48), പത്തനംതിട്ട-09 (23), കൊല്ലം-22(60), തിരുവനന്തപുരം-30(80).
നിയമസഭാ തെരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ പട്ടികയില്‍പ്പെടുത്തി 5 കക്ഷികള്‍ക്ക് കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതേ്യക ചിഹ്നം അനുവദിച്ചു.
ബിഡിജെഎസ്-കുടം, ആര്‍ജെഡി-റാന്തല്‍, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്-പൂവും പുല്ലും, സമാജ്വാദി പാര്‍ട്ടി- സൈക്കിള്‍, ഫോര്‍ വേര്‍ഡ് ബ്ലോക്ക്-സിംഹം എന്നിവയാണ് പുതുതായി ചിഹ്നം ലഭിച്ച പാര്‍ട്ടികള്‍.
നിയമസഭ തെരഞ്ഞെടുപ്പിന് മൊബൈല്‍ ‘ആപ്പ്’
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘ഇ വോട്ടര്‍’ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി.
വോട്ടര്‍ പട്ടിക സംബന്ധിച്ച വിവരങ്ങള്‍, പോളിംഗ് സ്റ്റേഷന്റെ വിവരങ്ങള്‍, സ്ഥാനാര്‍ത്ഥികളെയും അവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും വിശദാംശങ്ങളും ‘ആപ്പ്’ മുഖേന ലഭ്യമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരാതി സമര്‍പ്പിക്കാനും ഇതില്‍ സൗകര്യമുണ്ട്.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നു നോക്കിയാല്‍ ആപ് മുഖേന ഗൂഗിള്‍ സെര്‍ച്ചിന്റെ സഹായത്തോടെ പോളിംഗ് ബൂത്ത് സംബന്ധിച്ച വിശദാംശങ്ങളും ലഭിക്കും. മൊബൈലിലെ കാള്‍
ബട്ടണ്‍ പ്രസ് ചെയ്താല്‍ കാള്‍ സെന്ററുമായി ബന്ധപ്പെടാനും സൗകര്യമുണ്ട്.
നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം മുന്‍കാല തെരഞ്ഞെടുപ്പുകളുടെ ഫലം സംബന്ധിച്ച വിശദാംശങ്ങള്‍, മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ‘ആപ്പില്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കുന്നതിന് പുറമെ നല്കിയ പരാതിയുടെ തല്‍സ്ഥിതി സംബന്ധിച്ച വിവരവും ഇതില്‍ ലഭിക്കും. ഇതിനായി വണ്‍ ടൈം പാസ്വേര്ഡ് പരാതിക്കാരന് ലഭിക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോ ചിത്രങ്ങളും ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാനും വീക്ഷിക്കാനും കഴിയും. സംസ്ഥാന ഐടി മിഷനാണ് ‘ആപ്പ്’ രൂപകല്പന ചെയ്തത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: