മൂവാറ്റുപുഴ: സംസ്കൃത ഭാഷയെ സ്വീകരിക്കുന്ന ഭരണ സംവിധാനങ്ങളാണ് രാജ്യത്തിനാവശ്യമെന്ന് കൂത്താട്ടുകുളം ശ്രീധരീയം എംഡി ഡോ. എന്‍. പി. പി. നമ്പൂതിരി പറഞ്ഞു. മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവില്‍ ക്ഷേത്രത്തിലെ ഗൗരിശങ്കര ഓഡിറ്റോറിയത്തില്‍ ആരംഭിച്ച വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ 36ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന പ്രസിഡന്റ് ഡോ. എം. പി. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പണ്ഡിത രത്നം ഡോ. ഗംഗാധരന് നായര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കാര്യദര്‍ശി വി. ശ്രീകുമാര്‍, പി.കെ. രാജേഷ്കുമാര്‍, സംസ്കൃതഭാരതി അഖിലേന്ത്യാ മുഖ്യകാര്യദര്‍ശി വാചസ്പതി പി. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംസ്കൃതത്തെക്കുറിച്ച് ഡോ. പി. കെ. ശങ്കരനാരായണന്, ഡോ. ഇ. എന്‍. ഈശ്വരന് എന്നിവര്‍ ക്ലാസ്സ് നയിച്ചു.
സംസ്കൃതകലാസന്ധ്യയും കുടുംബസംഗമവും സംസ്കൃത സിനിമാ സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ വിനോദ് മങ്കര ഉദ്ഘാടനം ചെയ്തു. സംസ്കൃത നാടക സംവിധായകനും അഭിനേതാവുമായ എം. കെ. സുരേഷ്ബാബുവിനെ ”നാട്യകോവിദ:” പുരസ്കാരം നല്കി സംസ്ഥാന പ്രസിഡന്റ് ഡോ. എം. പി. ഉണ്ണികൃഷ്ണന് ആദരിച്ചു. തുടര്‍ന്ന് മഹാകവി ഭാസന്റെ കര്‍ണ്ണഭാരം നാടകത്തിന്റെ രംഗാവിഷ്കാരവും സംസ്കൃതഭാരതി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംസ്കൃതപരിപാടികളും നടന്നു.
ഇന്ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം നടക്കും. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിഷന്‍ ആന്‍ഡ് റോഡ്മാപ്പ് ഫോര്‍ ദ ഡവലപ്പ്മെന്റ് ഓഫ് സാന്‍സ്ക്രിറ്റ് – ടെന്‍ ഇയേഴ്സ് ഡവലപ്പ്മെന്റ് എന്ന റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് സംഘടനയുടെ പ്രവര്‍ത്തന പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: