ഹോം » ക്ഷേത്രായനം » 

ഗരുഡന്‍ കാവ്‌ ക്ഷേത്രം

February 2, 2012

ഗരുഡഭഗവാന്‌ ഒരു ക്ഷേത്രം അത്യപൂര്‍വ്വമാണ്‌. തിരുവെള്ളാമശ്ശേരി ഗരുഡന്‍കാവ്‌ ക്ഷേത്രം നൂറ്റാണ്ടുകളായി ഭക്തജനങ്ങള്‍ക്ക്‌ അഭയം നല്‍കി പരിലസിക്കുന്നു. മലപ്പുറം ജില്ലയില്‍ തിരൂര്‍ ചമ്രവട്ടം റോഡിലാണ്‌ ഈ ക്ഷേത്രം.

ഗോപുരം കടന്ന്‌ ശ്രീലകത്ത്‌ നോക്കുമ്പോള്‍ കൂര്‍മാവതാരത്തിലുള്ള മഹാവിഷ്ണുവിനെ കാണാം. പ്രദക്ഷിണം വച്ച്‌ പുറകില്‍ ചെല്ലുമ്പോള്‍ ഭഗവാന്റെ വാഹനമായ ഗരുഡ പ്രതിഷ്ഠയും കാണാം. മണ്ഡലക്കാലത്ത്‌ നാഗങ്ങള്‍ മനുഷ്യരൂപം പൂണ്ട്‌ ഗരുഡന്റെ അനുഗ്രഹത്തിനായി എത്തുമെന്നാണ്‌ ഐതിഹ്യം. അതിനാല്‍ എല്ലാ മണ്ഡലക്കാല ഞായറാഴ്ചയും വിശേഷമാണ്‌. മൂന്ന്‌ ഞായറാഴ്ചകള്‍ മുടങ്ങാതെ ദര്‍ശനം നടത്തിയാല്‍ ഒരുവര്‍ഷത്തെ ദര്‍ശനഫലം സിദ്ധിക്കുമെന്നതാണ്‌ വിശ്വാസം.

സര്‍പ്പാന്ധകനായ ഗരുഡന്‍ പ്രസാദിച്ചാല്‍ സര്‍പ്പകോപം ഇല്ലാതാകും. അതുകൊണ്ട്‌ സര്‍പ്പദോഷങ്ങള്‍ക്ക്‌ ഇവിടെ വഴിപാട്‌ നടത്തുന്നുണ്ട്‌. ത്വക്കുരോഗങ്ങള്‍, ശിശുരോഗങ്ങള്‍, വായ്പുണ്ണ്‌, പാണ്ഡ്‌, ചൊറി, ചിരങ്ങ്‌ തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രത്യേകവഴിപാടുകള്‍ നടത്താറുണ്ട്‌. പക്ഷിരാജനായ ഗരുഡനെ പ്രസാദിപ്പിച്ച്‌ പക്ഷിപീഢകള്‍ക്ക്‌ ശമനം വരുത്തുന്നു. കൃഷിക്കും മറ്റുമുണ്ടാകുന്ന പക്ഷിദോഷങ്ങള്‍ക്കും ഇവിടെ വഴിപാട്‌ നടത്തുന്നതായി കാണുന്നു.

മണ്ഡലം ഞായറാഴ്ചകള്‍ പ്രധാനമെങ്കിലും എല്ലാ ഞായറാഴ്ചകളും ഗരുഡന്‌ പ്രധാനമാണ്‌. മഞ്ഞപായസമാണ്‌ ഇവിടത്തെ പ്രധാന നൈവേദ്യം. മറ്റൊന്ന്‌ ഗരുഡ പഞ്ചാക്ഷരീ എണ്ണയുമാണ്‌. സര്‍പ്പദോഷം അനുഭവിക്കുന്ന ആളുകള്‍ പാമ്പിനെ ജീവനോടെ പിടിച്ച്‌ മണ്‍കുടത്തിലാക്കി ക്ഷേത്രപരിസരത്ത്‌ കൊണ്ടുവിടാറുണ്ട്‌.

ഉഗ്രവിഷമുള്ള പാമ്പുകള്‍ പോലും പൂജാരി ഗരുഡപഞ്ചാക്ഷരീമന്ത്രം ഉരുവിട്ട്‌ തീര്‍ത്ഥജലം തളിക്കുന്നതോടെ ഇവ വേഗത്തില്‍ തെക്കോട്ട്‌ പോകുന്നു. പിന്നീട്‌ ഒരിക്കലും അവയെ കാണുന്നില്ല. ഇവ ഗരുഡന്റെ ഭക്ഷണമാകുന്നു എന്നതാണ്‌ ഐതിഹ്യം. ഒരിക്കല്‍ പോലും ക്ഷേത്രപരിസരത്ത്‌ പാമ്പിനെ കാണുകയോ വിഷബാധയുണ്ടായതായോ കേട്ടുകേള്‍വി പോലുമില്ല.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
Related News from Archive
Editor's Pick