ഹോം » ഭാരതം » 

രാഷ്ട്രപതിയുടെ പരിഗണനയില്‍ പതിനേഴ്‌ ദയാഹര്‍ജികള്‍

July 4, 2011

ന്യൂദല്‍ഹി: രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ മുന്‍പാകെ സമര്‍പ്പിച്ച പതിനേഴ്‌ ദയാഹര്‍ജികള്‍ കൂടി തീര്‍പ്പാക്കാനുണ്ടെന്നും രാജ്യത്തെ വധശിക്ഷ നടപ്പാക്കിയത്‌ 2004ലാണെന്നും റിപ്പോര്‍ട്ട്‌. സുഭാഷ്‌ ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയായാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.
2005 മുതല്‍ സമര്‍പ്പിക്കപ്പെട്ട പതിനേഴ്‌ ഹര്‍ജികളാണ്‌ രാഷ്ട്രപതിയുടെ പരിഗണനയിലുള്ളതെന്നും ഇവയില്‍ ആറെണ്ണം 2011-ല്‍ സമര്‍പ്പിക്കപ്പെട്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇതോടൊപ്പം രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പത്തുപേരുടെ വധശിക്ഷകള്‍ ജീവപര്യന്തമാക്കി ഇളവുചെയ്തതായും വെളിപ്പെട്ടു. ഒന്‍പത്‌ വയസ്സുള്ള കുട്ടിയെ നരബലിക്ക്‌ വിധേയനാക്കിയതിനെത്തുടര്‍ന്ന്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട ഝാര്‍ഖണ്ഡില്‍ നിന്നുള്ള സീശീല്‍ മര്‍മു എന്നയാളുടെ ദയാഹര്‍ജിയാണ്‌ പതിനേഴണ്ണത്തില്‍ ആദ്യം സമര്‍പ്പിക്കപ്പെട്ടത്‌. ഇതോടൊപ്പം സ്വന്തം കുടുംബത്തിലെ പതിമൂന്ന്‌ അംഗങ്ങളെ കൊലപ്പെടുത്തിയ ഗുര്‍മീത്‌ സിംഗ്‌, ഭാര്യയെയും മകളെയും വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ജാഫര്‍ അലി എന്നിവരുടെ ദയാഹര്‍ജികളും ഇതോടൊപ്പമുണ്ട്‌.
ഇതോടൊപ്പം ഗുവാഹതിയില്‍ നിന്നുള്ള മഹേന്ദ്രനാഥ്‌ ദാസ്‌, 1993ല്‍ ന്യൂദല്‍ഹിയില്‍ നടന്ന കാര്‍ബോംബ്‌ സ്ഫോടനത്തിലെ പ്രതിയും ഖാലിസ്ഥാന്‍ ഭീകരനുമായ ദേവീന്ദര്‍പാല്‍ സിംഗ്‌ ഭുള്ളര്‍ എന്നിവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിക്കളഞ്ഞു. എന്നാല്‍ പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട ഭീകരന്‍ അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയെക്കുറിച്ച്‌ മാത്രം റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളില്ല. അഫ്സല്‍ ഗുരുവിനെതിരായ കേസ്‌ നിരീക്ഷണത്തിലായതിനാല്‍ ഇയാളുടെ ദയാഹര്‍ജി രാഷ്ട്രപതിക്ക്‌ സമര്‍പ്പിച്ചിട്ടില്ലെന്നാണ്‌ ആഭ്യന്തരമന്ത്രാലയം നേരത്തെ രാജ്യസഭയില്‍ പറഞ്ഞിരുന്നത്‌.
2001 ഡിസംബര്‍ 13ന്‌ നടന്ന പാര്‍ലമെന്റാക്രമണത്തില്‍ പതിമൂന്ന്‌ പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനായ അഫ്സല്‍ ഗുരുവിനെ 2002ലാണ്‌ വധശിക്ഷക്ക്‌ വിധിച്ചത്‌. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ പിടിയിലായ ബംഗാളുകാരന്‍ ധനഞ്ജയ്‌ ചാറ്റര്‍ജിയുടെ വധശിക്ഷയാണ്‌ 2004-ല്‍ രാജ്യത്ത്‌ അവസാനമായി നടന്നത്‌. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം രണ്ട്‌ ദയാഹര്‍ജികളില്‍ തീര്‍പ്പ്‌ കല്‍പിച്ചിരുന്നുവെങ്കിലും തൊട്ടുമുന്‍പത്തെ രാഷ്ട്രപതിയായ കെ.ആര്‍. നാരായണന്‍ ദയാഹര്‍ജികളൊന്നും തന്നെ കൈകാര്യം ചെയ്യുകയുണ്ടായില്ല. ബലാത്സംഗക്കേസുകളിലും വധക്കേസുകളിലും വധശിക്ഷക്ക്‌ വിധിക്കപ്പെട്ടവരുടെ ഹര്‍ജികളാണ്‌ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നവയില്‍ ഭൂരിഭാഗവും.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick