മ്യൂണിച്ച്: ബയേണ്‍ മ്യൂണിച്ചിനോട് അവരുടെ തട്ടകത്തില്‍ തോറ്റെങ്കിലും, അന്റോണിയോ ഗ്രീസ്മന് എന്ന ഫ്രഞ്ച് പോരാളി സ്പാനിഷ് ടീം അത്ലറ്റികോ മാഡ്രിഡിന്റെ കണ്ണിലുണ്ണിയായി. അലിയന്‍സ് അരീനയില്‍ ഗ്രീസ്മന് നേടിയ എവേ ഗോളില്‍ അത്ലറ്റികോ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍. മാഡ്രിഡില്‍ 1-0ന് ജയിച്ചിരുന്ന അത്ലറ്റികോ, മ്യൂണിച്ചിലെ രണ്ടാം പാദത്തില്‍ 2-1ന് തോറ്റു.
ഇരുപാദങ്ങളിലുമായി 2-2ന് സമനില. ഇതോടെയാണ് ഗ്രീസ്മന്നിന്റെ എവേ ഗോള്‍ നിര്‍ണായകമായത്. ഈ സീസണോടെ ബയേണ്‍ വിടുന്ന പരിശീലകന് പെപ്പ് ഗാര്‍ഡിയോളയ്ക്ക് നിരാശയായി മത്സരഫലം. തുടരെ മൂന്നാം തവണയാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ മടങ്ങുന്നത്.
മ്യൂണിച്ചില്‍ ജയിക്കാനുറച്ച് ബൂട്ടണിഞ്ഞ ബയേണിനെ കുരുക്കിയത് പ്രതിരോധത്തിലെ പിഴവ്. 31ാം മിനിറ്റില്‍ തകര്‍പ്പനൊരു ഫ്രീ കിക്കിലൂടെ സാബി അലൊന്‍സോ ബയേണിനെ മുന്നിലെത്തിച്ചു. ബോക്സിനു പുറത്തുനിന്ന് അലൊന്‍സോ തൊടുത്ത ഷോട്ട് അത്ലറ്റികോ താരങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധ മതിലില്‍ തട്ടി ഗതി മാറി വലയില്‍. ഒരു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ബയേണിനെ ഞെട്ടിച്ച് ഗ്രീസ്മന് അത്ലറ്റികോയ്ക്ക് സമനില സമ്മാനിച്ചു. 53ാം മിനിറ്റിലായിരുന്നു ഗോള്‍.
ഓഫ്സൈഡ് ചുവയുണ്ടായിരുന്നു ഗോളിന്. പ്രത്യാക്രമണത്തിലൂടെ പന്ത് ലഭിക്കുമ്പോള്‍ ബയേണ്‍ പ്രതിരോധത്തിനുമപ്പുറമായിരുന്നു ഗ്രീസ്മന്. ബോക്സിനു വെളിയില്‍നിന്നു കുതിച്ച താരം ന്യൂയറെ കീഴടക്കി പന്ത് വലയില്‍ നിക്ഷേപിച്ചു.
മ്യൂണിച്ചിലെ ആരാധകര്‍ക്ക് പ്രതീക്ഷ സമ്മാനിച്ച് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി ജര്‍മന്‍ ടീമിന് വീണ്ടും ലീഡ് നല്കി.
ബയേണിന്റെ ടീം വര്‍ക്കിനു സാക്ഷ്യപത്രമായി ഗോള്‍. ഇടതു പാര്‍ശ്വത്തില്‍നിന്ന് അലബ നല്കിയ ക്രോസ് ഗോള്വരയ്ക്കരികില്നിന്ന് അര്‍ട്യുറോ വിദാല്‍ ബോക്സിലേക്കു പാഞ്ഞെത്തിയ ലെവന്‍ഡോവ്സ്ക്കിക്ക് ഹെഡ് ചെയ്ത് നല്കി. ക്ഷണനേരത്തില്‍ ലെവന്‍ഡോവ്സ്കി തലകൊണ്ടു തന്നെ മറുപടി നല്കിയപ്പോള് അത്ലറ്റികോ ഗോളി യാന്‍ ഒബ്ലാക്കിന് മറുപടിയുണ്ടായില്ല. പിന്നീട് മാഡ്രിഡ് ഗോള്‍മുഖം തുറക്കാന്‍ ഗാര്‍ഡിയോളയുടെ ശിഷ്യര്ക്കായതുമില്ല.
രണ്ട് പെനല്‍റ്റികള്‍ ഇരു ടീമുകളും നഷ്ടപ്പെടുത്തിയതിനും അലിയന്‍സ് അരീന സാക്ഷി. 34ാം മിനിറ്റില്‍ ബയേണിനായി തോമസ് മുള്ളറെടുത്ത കിക്ക് ഒബ്ലാക്ക് തട്ടിയകറ്റിയപ്പോള്‍, 84ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിന്റെ ഷോട്ട് ന്യൂയറും വിഫലമാക്കി.
അത്ലറ്റികോ 4-4-2 ശൈലിയില്‍ ഗ്രീസ്മന്നിനെയും ടോറസിനെയും സ്ട്രൈക്കറാക്കിയപ്പോള്‍, ബയേണ്‍ 4-5-1 ശൈലിയില്‍ ലെവന്‍ഡോവ്സ്കിയെ ഏക സ്ട്രൈക്കറാക്കി. രണ്ടാം തവണയാണ് അത്ലറ്റികോ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്നത്. 2013-14ല്‍ നഗരവൈരികളായ റയല്‍ മാഡ്രിഡിനോട് തോറ്റു അത്ലറ്റികോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: