വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ഹിലരി ക്ലിന്റണ്, താന്‍ അധികാരത്തിലെത്തിയാല്‍ ഭര്‍ത്താവിന് യാതൊരു മന്ത്രിസഭാ ചുമതലകളും നല്‍കില്ലെന്ന് വ്യക്തമാക്കി. ഹിലരി ഭരണകൂടത്തില്‍ ഒരു സുപ്രധാന ചുമതല ബില്ക്ലിന്റന് നല്‍കുമോ എന്ന ചോദിച്ചപ്പോഴാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്. എന്നാല്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് പദവി വഹിക്കാന്‍ അവസരം കിട്ടിയാല്‍ തന്റെ ഭര്‍ത്താവിന് ഒരു ജോലി കിട്ടുമെന്ന് അവര്‍ ഒരു ദിവസം മുമ്പ് പറഞ്ഞിരുന്നു.
സമ്പദ്ഘടനയെ പുനരുദ്ധരിക്കാനുളള ചുമതല അദ്ദേഹത്തിന് നല്കാന് താന്‍ ആലോചിക്കുന്നുവെന്നും കെന്റക്കിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഹിലരി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് അക്കാര്യത്തില്‍ നല്ല വൈദഗ്ദ്ധ്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് രാജ്യത്തെ ഉപേക്ഷിച്ച് കിടക്കുന്ന ഉള്‍നാടുകളെ പുരോഗതിയിലേക്ക് നയിക്കാന്‍ ബില്ലിനാകും. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബില്‍ക്ലിന്റന്റെ ചുമതല എന്തായിരിക്കുമെന്ന കാര്യം ഹിലരി തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് നിക് മെറില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ ഭര്‍ത്താവിന്റെ വിരമിക്കല്‍ ജീവിതം അവസാനിപ്പിക്കണമെന്ന് താന്‍ കരുതുന്നതായി ഈമാസം ആദ്യം ഹിലരി പറഞ്ഞിരുന്നു. ഹിലരിയുടെ പ്രൈമറിക്കുളള പ്രചാരണങ്ങള്‍ കെന്റക്കിയിലും ഒറിഗോണിലും തുടരുകയാണ്.
വളരെ നിശബ്ദമായ ഭീഷണി വെര്‍മോണ്ട് സെനറ്ററായ ബെര്‍ണി സാന്ഡേഴ്സില് നിന്ന് ഹിലരി നേരിടുന്നുണ്ട്. ഇതോടൊപ്പം തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് സാധ്യത കല്‍പ്പിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെയുളള പ്രചാരണത്തിനും ഹിലരിയുടെ ക്യാമ്പ് പ്രൈമറികളുടെ പ്രചാരണത്തെ ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: