ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

പഠനകേന്ദ്രങ്ങള്‍ അട്ടിമറിച്ചതിനെതിരെ സംസ്കൃത സര്‍വകലാശാല ഉപരോധം 24 ന്‌

July 4, 2011

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാന നായകന്മാരുടെ പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ സനാതന ധര്‍മ സുഹൃദ്‌വേദിയുടെ ആഭിമുഖ്യത്തില്‍ 24 ന്‌ സര്‍വകലാശാല ഉപരോധിക്കും. പ്രക്ഷോഭങ്ങളുടെ മുന്നോടിയായുള്ള കര്‍മസമിതികളുടെ രൂപീകരണം പൂര്‍ത്തിയായി.
എസ്‌എന്‍ഡിപി യോഗം, എന്‍എസ്‌എസ്‌, ആഗമാനന്ദ സ്മാരകസമിതി, ആദിശങ്കര ജന്മദേശവികസന സമിതി, ശ്രീനാരായണ സുഹൃദ്സമിതി, കെപിഎംഎസ്‌, യോഗക്ഷേമസഭ, കേരള ബ്രാഹ്മണസഭ, കേരള വിശ്വകര്‍മസഭ, വിശ്വകര്‍മ സര്‍വീസ്‌ സൊസൈറ്റി, ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി, അഖിലേന്ത്യാ വീരശൈവസഭ, കേരള സാംബവര്‍ സൊസൈറ്റി, കേരള സ്റ്റേറ്റ്‌ ഹരിജന്‍ സമാജം, എസ്‌എന്‍ഡിപി യൂത്ത്‌ മൂവ്മെന്റ്‌, എസ്‌ആര്‍വിസിഎസ്‌ യൂത്ത്‌വിങ്ങ്‌, പണ്ഡിതര്‍ മഹാസഭ, ഷാരടി സമാജം, ക്ഷേത്രസംരക്ഷണസമിതി, കേരള മണ്‍പാത്ര നിര്‍മാണസഭ, ശ്രീനാരായണ കുടുംബക്ഷേമ സമിതി, ശ്രീനാരായണ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കര്‍മസമിതി രൂപീകരണം ഉദ്ഘാടനം ചെയ്തു.
മുപ്പത്തഞ്ചിലധികം സംഘടനകളുടെ പ്രതിനിധികള്‍ വിവിധ യോഗങ്ങളില്‍ സംബന്ധിച്ചു. സംസ്കൃത സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ജെ.പ്രസാദ്‌ ആദ്യകാലങ്ങളില്‍ നടത്തിയ ദുഷ്പ്രചാരണങ്ങള്‍ പൊതുസമൂഹം തള്ളിക്കളഞ്ഞിരിക്കുകയാണ്‌. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈസ്ചാന്‍സലറും സിന്‍ഡിക്കേറ്റും തെറ്റുതിരുത്തി പഠനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ നടപടിയെടുക്കണം. മുന്‍ സിന്‍ഡിക്കേറ്റ്‌ തീരുമാനപ്രകാരമുള്ള നവോത്ഥാന നായക പഠനകേന്ദ്രങ്ങള്‍ക്ക്‌ പകരം സ്കൂള്‍ ഓഫ്‌ റിനൈസന്‍സ്‌ എന്ന നാമമാത്ര പഠനകേന്ദ്രം രൂപീകരിച്ച്‌ ലോകം ബഹുമാനിക്കുന്ന നവോത്ഥാന നായകന്മാരെ അവഹേളിക്കുകയാണ്‌ വൈസ്‌ ചാന്‍സലര്‍ ചെയ്യുന്നത്‌. നവോത്ഥാനനായക സന്ദേശങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തി പരോക്ഷ വര്‍ഗീയത വളര്‍ത്തുന്ന വൈസ്‌ ചാന്‍സലറുടെ നടപടിയില്‍ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസവകുപ്പ്‌ മന്ത്രി എന്നിവര്‍ ഇടപെടണം. അറിയുവാനുള്ള അവകാശത്തിന്റെ നിഷേധമാണ്‌ വൈസ്‌ ചാന്‍സലറും സിന്‍ഡിക്കേറ്റും നടത്തുന്നത്‌. ഇതിനെതിരെ ശക്തമായ സാംസ്ക്കാരിക മുന്നേറ്റമാണ്‌ സനാതന ധര്‍മ സുഹൃദ്‌വേദി ആസൂത്രണം ചെയ്യുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick