എടത്വാ (ആലപ്പുഴ): രാമേശ്വരത്തെ അബ്ദുള്‍കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദേവി ഉണ്ണിമായയ്ക്ക് ലഭിച്ചു.
ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണും കലാമിന്റെ സഹോദരിയുമായ ഡോ. നസീമ മരയ്ക്കാര്‍ അവാര്‍ഡ് വിതരണം ചെയ്തു. ബാംഗ്ലൂരിലെ സാഹിത്യകാരന്മാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും കൂട്ടായ്മയായ ഇന്‍ഫോസിസ് ഇന്ത്യന്‍ ഫൗണ്ടേഷന് കൂടി പങ്കാളിയായി നടത്തിയ ചടങ്ങില്‍ ദേവി ഉണ്ണിമായയ്ക്ക് പ്രശസ്തി പത്രവും ട്രോഫിയും 10,000 രൂപ അവാര്‍ഡും നല്കി. വളരെ ചെറിയ പ്രായത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലേര്പ്പെട്ടതാണ് അവാര്‍ഡിന് അര്‍ഹയായത്.
കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നീ ഇനങ്ങളില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഉണ്ണിമായ തനിക്ക് ലഭിക്കുന്ന അവാര്‍ഡ് തുകയും പ്രതിഫലവും സമൂഹത്തിലെ ബുദ്ധിമാന്ദ്യവും അംഗവൈകല്യവും സംഭവിച്ച കുട്ടികളുടെ പഠനത്തിനു നല്‍കിയതാണ് അവാര്‍ഡ് നിര്‍ണയത്തില്‍ തെരഞ്ഞെടുത്തത്.
അബ്ദുള്‍കലാം ഫൗണ്ടേഷന് നല്കിയ പതിനായിരം രൂപ വിഭിന്നശേഷിയുള്ള കുട്ടിക്ക് തബല പരിശീലനത്തിന് നല്കി. ഈ അവാര്‍ഡ് ലഭിച്ചതോടെ ഇന്‍ഫോസിസ് ഇന്ത്യന്‍ ഫൗണ്ടേഷന്റെ ഒരു വര്‍ഷത്തെ ബ്രാന്‍ഡ് അംബാസിഡറായി ഉണ്ണിമായയെ നിയമിച്ചു. ചക്കുളത്തുകാവ് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടേയും രാജി അന്തര്‍ജനത്തിന്റേയും മകളാണ് ദേവി ഉണ്ണിമായ. ദുര്‍ഗദത്തന്‍ നമ്പൂതിരി സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: