ന്യൂദൽഹി: ഭാരതത്തിലെ മൂന്നിൽ രണ്ട് വിഭാഗം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ തൃപ്തരാണെന്ന് സർവ്വേ ഫലം. ലോക്കൽ സർക്കിൾസ് രാജ്യത്തെ ജനങ്ങൾക്കിടയിൽ നടത്തിയ ചോദ്യോത്തര സർവ്വേയിലാണ് ഭരണ നിലവാരത്തെക്കുറിച്ചുള്ള അഭിപ്രായം പുറത്ത് വന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും വിദേശ രാജ്യങ്ങളിലുള്ള ഭാരത പൗരന്മാരുമാണ് സർവ്വേയിൽ പങ്കെടുത്തത്. ഒരു മാസം നീണ്ട സർവ്വേയിൽ നിരവധി ചർച്ചകളും വിലയിരുത്തലുകളും ഉൾപ്പെടുത്തുകയും ചെയ്തു. പതിനയ്യായിരത്തോളം ജനങ്ങളാണ് സർവ്വേയിൽ പങ്കെടുത്തത്. ഇവരിൽ നിന്നും 375,568 പ്രതികരണങ്ങളാണ് ലഭിച്ചത്. പല പ്രായത്തിലുള്ളവർ സർവ്വേയിൽ പങ്കെടുത്തിരുന്നു.
സർവ്വേയിൽ 64 ശതമാനം പേർ മോദിയുടെ ഭരണത്തെ സ്വാഗതം ചെയ്തപ്പോൾ 34 ശതമാനം പേർ മോദി ഭരണം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നും പറയുന്നു. രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള് ഉയർന്നതായി 72% ജനങ്ങൾ വിശ്വസിക്കുന്നു എന്നാൽ 20% പേർ ഇതിനെ എതിർക്കുന്നു. രാജ്യത്തെ സ്വച്ഛ് ഭാരത് മിഷന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ വളരെയധികം പ്രശംസിച്ചു. 67% പേർ സ്വച്ഛ് ഭാരത് മിഷനിലൂടെ നഗരങ്ങളിൽ ശുചിത്വം വീണ്ടെടുക്കാൻ സാധിച്ചുവെന്ന് അഭിപ്രായപ്പെടുന്നു.
കൂടാതെ മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അഴിമതി വളരെയധികം കുറഞ്ഞിട്ടുണ്ട്. 61% പേർ അഴിമതി കുറഞ്ഞതായി സർവ്വേയിൽ അഭിപ്രായപ്പെടുന്നുണ്ട്. കൂടാതെ രാജ്യത്തെ ജല-വൈദ്യുതി വിതരണത്തിൽ ഏറെ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 56% പേർ ഇത് ശരിവയ്ക്കുന്നു. സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാൻ സാധിച്ചുവെന്ന് 72% അഭിപ്രായപ്പെടുന്നു.
രാജ്യത്ത് മതസഹിഷ്ണുത മാന്യമായി നിലനിർത്താൻ മോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് 63% ജനങ്ങൾ പറയുന്നു. 35% പേർ രാജ്യത്ത് തൊഴിലില്ലായ്മ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്ന് അഭിപ്രായപ്പെടുന്നു, 38% പേർ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമണങ്ങളെ ചെറുക്കാൻ സാധിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്.
ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ മോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് 90% പേർ സമ്മതിക്കുന്നു. അധികാരത്തിലേറുമ്പോൾ സർക്കാർ പറഞ്ഞ വാഗ്ദാനങ്ങൾ എല്ലാം തന്നെ പാലിക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് 68% പേർ സമ്മതിക്കുന്നുണ്ട്. മോദി സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷം തികയുമ്പോഴാണ് ഇത്തരത്തിലുള്ള ഭരണ നേട്ടങ്ങൾ വിലയിരുത്തുന്ന സർവ്വേ ഫലങ്ങൾ പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: