ഹൈന്ദവ സംസ്കാരം സമ്പന്നം: സ്വാമി വിശ്വാനന്ദ സരസ്വതി

Monday 4 July 2011 11:29 pm IST

കാഞ്ഞങ്ങാട്‌: ഹൈന്ദവ സംസ്കാരം സമ്പന്നമായ സംസ്കാരമാണെന്നതിന്‌ തെളിവാണ്‌ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ കണ്ടതെന്ന്‌ സ്വാമി വിശ്വാനന്ദ സരസ്വതി പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത്‌ ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്ത്‌ എങ്ങിനെ ഉപയോഗിക്കണമെന്ന്‌ അവിടുത്തെ നിധി ശേഖരം കാട്ടിത്തരുന്നു. വ്യക്തിഭദ്രതയും കുടുംബ ഭദ്രതയും കാത്തുസൂക്ഷിക്കാന്‍ വ്യക്തി നന്നാവേണ്ടതുണ്ടെന്ന്‌ സ്വാമിജി പറഞ്ഞു. ഹൈന്ദവ ശാസ്ത്ര പ്രകാരമുള്ള പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിച്ചാല്‍ ഈ ലോകം നന്നാവുമെന്ന്‌ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി പ്രേമാനന്ദ പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന ജനറല്‍സെക്രട്ടറി കാലടി മണികണ്ഠന്‍, വിഭാഗ്‌ സെക്രട്ടറി കെ.രാഘവന്‍, രാഷ്ട്രീയ സ്വയം സേവക സംഘം കാഞ്ഞങ്ങാട്‌ ജില്ലാ കാര്യവാഹ്‌ എ.വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ.ലക്ഷ്മണന്‍ സ്വാഗതവും കെ.വി.വേണു നന്ദിയും പറഞ്ഞു.