ന്യൂദൽഹി: ഇനി ദൽഹി നഗരത്തിൽ പരസ്യമായി പുകവലിച്ചാൽ 200 രൂപ പോകുമെന്നുറപ്പ്. രാജ്യ തലസ്ഥാനത്ത് പുകവലിക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദൽഹി പോലീസ് പിഴ ഈടാക്കാൻ പോകുന്നു.
നേരത്തെ 2003ൽ പൊതു സ്ഥലങ്ങളിൽ പുകവലിക്കുന്നത് ശിക്ഷാർഹമാണെന്നുള്ള നിയമം കൊണ്ടു വന്നിരുന്നു. എന്നാൽ പിന്നീട് ഈ നിയമത്തെ കാറ്റിൽ പറത്തി പൊതു സ്ഥലങ്ങളിലും പൊതു പരിപാടികളിലും പുകവലിക്കാരുടെ എണ്ണം കൂടുകയായിരുന്നു. ഇതിന് അറുതി വരുത്തുവാൻ വേണ്ടിയാണ് ദൽഹി പോലീസ് ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ട് പോകുന്നത്.
‘നിങ്ങൾ പുകവലിക്കുന്നത് മൂലം സ്വന്തം ആരോഗ്യത്തിനു മാത്രമല്ല ഹാനികരം മറിച്ച് മറ്റുള്ളവർക്കും കൂടി ദോഷകരമാണ്’ ദൽഹി സ്പെഷ്യൽ പോലീസ് കമ്മിഷണർ പി കാമരാജ് പറഞ്ഞു. തലസ്ഥാനത്ത് പുകവലിക്കാരായ ചെറുപ്പക്കാരുടെ എണ്ണം വർധിച്ചു വരികയാണ്, കർക്കശമായ നിയമം കൊണ്ട് മാത്രമെ പുതിയ തലമുറയെ പുകവലിയിൽ നിന്നും രക്ഷിക്കാനാകു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: