വാലടി: പ്രദേശത്ത് വൈദ്യുതിമുടക്കം പതിവാകുന്നതായി പരാതി. പലപ്പോഴും മുന്നറിയിപ്പ് ഇല്ലാതെ ദീര്‍ഘനേരം വൈദ്യുതി മുടങ്ങുന്നത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. നീലംപേരൂര്‍ പഞ്ചായത്തിലെ പാടത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ പ്രശ്നം ഉണ്ടാകുന്നത്. വൈദ്യുതി മുടങ്ങിയാല്‍ പരിഹാരം ഉണ്ടാകാന്‍ കാലതാമസം ഉണ്ടാകുന്നുവെന്ന് പ്രദേശവാസികളും പരാതിപ്പെടുന്നു. വൈദ്യുതിമുടക്കം സ്കൂള്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. സ്കൂള്‍ തുറക്കുന്ന സമയമായതിനാല്‍ ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്നില്ല. പാടത്തിനുനടുവില്‍ നില്ക്കുന്ന വൈദ്യുതിക്കാലുകള് മിക്കവയും അപകടകരമായ നിലയിലാണ്. റോഡില്‍നിന്ന് ഏറെദൂരം അകലെയായി പാടത്തിലൂടെ പോകുന്ന ലൈനുകള്‍ പ്രദേശത്ത് നിരവധിയാണ്. വെള്ളം പൊങ്ങുന്നതോടെ വെള്ളത്തില്‍ മുട്ടാറായ അവസ്ഥയിലാണ് ലൈനുകള്‍ കിടക്കുന്നത്. ഇതും വലിയ അപകടത്തിന് കാരണമാകുന്നു. താഴ്ന്നുകിടക്കുന്ന വൈദ്യുതിക്കമ്പികള്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: