സോള്‍ : ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് വീണ്ടും തിരിച്ചടി. മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. ദീര്‍ഘദൂര മിസൈലാണോ ഹ്രസ്വദൂര മിസൈലാണോ പരീക്ഷിച്ചതെന്നു വ്യക്തമല്ല.
പ്രദേശിക സമയം രാവിലെ 5.20ന് കിഴക്കന്‍ തീര നഗരമായ വോണ്‍സാനില്‍ നിന്നായിരുന്നു പരീക്ഷണം നടത്തിയത്. മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്ന് ദക്ഷിണ കൊറിയയിലെ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രിലില്‍ നടത്തിയ മൂന്നു മുസുദാന്‍ മിസൈല്‍ പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു. യുഎസ് അധീന പ്രദേശങ്ങളിലും ജപ്പാനിലും ചെന്നെത്താന്‍ ശേഷിയുള്ള 2500-4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് മുസുദാന്‍.
ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് യുഎന്‍ രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതു ലംഘിച്ച് പലതവണയാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: