കൊല്ലം: രാഷ്ട്രീയസ്വാധീനവും ഉന്നത ഉദ്യോഗസ്ഥതല ബന്ധങ്ങളും ഉപയോഗിച്ച് മൗണ്ട് താബോര്‍ മാനേജ്മെന്റ് കയ്യേറിയത് മൂന്നേക്കര്‍ സര്‍ക്കാര്‍ ഭൂമി. പത്തനാപുരം താലൂക്കില്‍ പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സഥലങ്ങളിലായാണ് ഭൂമി കയ്യേറ്റം നടന്നത്.
മൗണ്ട് താബോറിന്റെ ഉടമസ്ഥതയിലുളള മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിനു സമീപം മാത്രം ഒരേക്കര്‍ എണ്‍പത് സെന്റ് പുറമ്പോക്കു ഭൂമിയാണ് കൈയടക്കി വച്ചിരിക്കുന്നത്.
കാലങ്ങളായി കൈയടക്കി വച്ചിരിക്കുന്ന ഈ ഭൂമിയില്‍ കോളേജ് ഓഡിറ്റോറിയവും വനിതാഹോസ്റ്റലും നിര്‍മ്മിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരില്‍ നിന്നു യുജിസി ശുപാര്‍ശ പ്രകാരം ലഭിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പുറമ്പോക്ക് ഭൂമിയില്‍ ഹോസ്റ്റല്‍ കെട്ടിടം നിര്‍മ്മിച്ചത്. സ്വന്തം ഭൂമിയാണന്നു കാണിച്ച് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു നിര്‍മ്മാണം.
കയ്യേറിയ സര്‍ക്കാര്‍ ഭൂമിയോടു ചേര്‍ന്നു തന്നെ മാനേജ്മെന്റിന് ഭൂമിയുള്ളതാണ് കയ്യേറ്റം നടത്താന്‍ സഹായകമായത്.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ റവന്യൂമന്ത്രി ആയിരുന്ന അടൂര്‍ പ്രകാശിന്റെ മൗനസമ്മതത്തോടെയാണ് പുറമ്പോക്ക് ഭൂമിയില്‍ ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചത്. അടൂര്‍ പ്രകാശിന്റെ തന്നെ ഇടപെടലിലൂടെ ഭൂമി പതിച്ചെടുക്കാന്‍ ശ്രമം നടത്തിവരികയായിരുന്നു എന്നും ആരോപണമുണ്ട്.
പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമികളെ പറ്റി വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് കയ്യേറ്റം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ക്ക് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. രാഷ്ട്രീയ ഇടപെടല്‍ മൂലം മാനേജ്മെന്റിനെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ ഭയക്കുകയാണ്. അനധികൃത നിര്‍മ്മാണസ്ഥലത്ത് വില്ലേജ് ഓഫീസര്‍ നോട്ടീസ് പതിച്ചെങ്കിലും അത് കീറിക്കളഞ്ഞ ശേഷം മാനേജ്മെന്റ് നിര്‍മ്മാണവുമായി മുന്നോട്ടു പോവുകയാണ്.
മാനേജുമെന്റുമായി ചര്‍ച്ച നടത്തി കയ്യേറിയ ഭൂമിക്ക് പകരം ഭൂമിയോ പിഴയോ ഒടുക്കിയാല്‍ മതിയെന്ന നിര്‍ദ്ദേശം പറഞ്ഞങ്കിലും അതിനും മാനേജ്മെന്റ് തയ്യാറല്ല എന്നാണ് അറിയുന്നത്. പത്തനാപുരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബര്‍ ഉണ്ടായിട്ടും അവരെ ഒന്നും സഹായിക്കാന്‍ തയ്യാറാകാതെയാണ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കു ഒത്താശ ചെയ്യുന്നത്. പുറമ്പോക്ക് ഭൂമിയിലെ കെട്ടിടം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ ആര്. ശംഭുവിന്റെ നേതൃത്വത്തില്‍ പൗരസമിതി രൂപീകരിച്ച് പ്രക്ഷോഭപരിപാടികള്കള്ക്കും തുടക്കം കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: