കോഴഞ്ചേരി: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ ആഗസ്റ്റ് 24 ന് നടക്കും. വള്ളസദ്യയ്ക്കുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഇന്നലെ ക്ഷേത്ര സന്നിധിയില്‍ നടന്നു.
നാടിന്റെ നാനാഭാഗത്തുനിന്നും പതിനായിരക്കണത്തിന് ഭക്തര്‍ പങ്കെടുക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഇക്കുറി തയ്യാറാക്കുന്നത് പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള 300 ഓളം പാചകക്കാരാണ്. സമൂഹസദ്യയായി ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യവഴിപാടായി നടത്താന്‍ താല്പര്യം ഉള്ളവര്‍ ഒരു പള്ളിയോടത്തിന് ഒന്‍പതിനായിരം രൂപ നിരക്കില്‍ പള്ളിയോടസേവാസംഘം ഓഫീസില്‍ അടയ്ക്കണം.
ഇവര്‍ക്ക് പത്തുപേര്‍ക്ക് വള്ളസദ്യയില്‍ പങ്കെടുക്കാനുള്ള കൂപ്പണുകള്‍ ലഭിക്കും. ഇതിന് പുറമേ അഷ്ടമിരോഹിണി വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് 1000, 2000, 5000 രൂപാ നിരക്കിലുള്ള കൂപ്പണുകള്‍ ലഭിക്കും. ഓരോ ആയിരം രൂപയുടെ കൂപ്പണിനും വള്ളസദ്യയ്ക്കുള്ള ഒരോ കൂപ്പണ്‍ നല്‍കും.
ആറന്മുള പള്ളിയോടങ്ങള്‍ക്ക് വഴിപാടായി നടത്തുന്ന വള്ളസദ്യകള്‍ ജുലൈ 15 മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ 2 വരെയാണ് വള്ളസദ്യകള്‍ വഴിപാടായി നടത്തുന്നത്. ഇക്കുറി ഇന്നലെ വരെ 308 വള്ളസദ്യകള്‍ ബുക്കു ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 461 വള്ളസദ്യകളാണ് നടന്നത്.
അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ള സി.എന്‍.സോമശേഖരന്‍ നായര്‍ ഇടയാറന്മുളയ്ക്ക് നല്കി നിര്‍വ്വഹിച്ചു.
പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ.പി.സോമന്, സെക്രട്ടറി പി.ആര്.രാധാകൃഷ്ണന്, കൃഷ്ണകുമാര്‍ കൃഷ്ണവേണി, ദേവസ്വം ബോര്‍ഡ് അസി.കമ്മീഷണര്‍ അശോക് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അജിത്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരി, നിര്‍വ്വഹണ സമിതിയംഗം ജഗന്മോഹന്ദാസ്, മീഡിയാ കണ്‍വീനര്‍ ആര്.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: