ഹോം » ഭാരതം » 

സ്ത്രീകള്‍ക്ക്‌ രാത്രിജോലി വിലക്കാനാവില്ലെന്ന്‌ മുംബൈ ഹൈക്കോടതി

July 5, 2011

മുംബൈ: രാത്രി 9.30 നുശേഷവും ജോലി ചെയ്യുന്നതില്‍നിന്നും സ്ത്രീകളെ വിലക്കാനാവില്ലെന്നും രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കേണ്ടുന്നത്‌ സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു.
ബാര്‍ ജീവനക്കാരികളായ സ്ത്രീകളെ രാത്രി 9.30 ന്‌ ശേഷം ജോലിയില്‍ തുടരുന്നതില്‍നിന്നും വിലക്കിക്കൊണ്ടുള്ള നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ്‌ ജസ്റ്റിസ്‌ രഞ്ചനാ ദേശായി, ജസ്റ്റിസ്‌ രഞ്ജിത്‌ മോര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ ഇത്തരമൊരു നിരീക്ഷണം നടത്തിയത്‌. സ്ത്രീകള്‍ക്കെതിരെ വിവേചനപരമായി പെരുമാറുന്നു. ഇത്തരം നിയമങ്ങള്‍ തുടര്‍ന്നുപോരുന്നത്‌ എന്തടിസ്ഥാനത്തിലാണെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ഇത്തരം അപരിഷ്കൃത നിയമങ്ങള്‍ നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നാസി യുഗത്തിലാണോ കഴിയുന്നതെന്ന കാര്യം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബാര്‍ ഹോട്ടലില്‍ ജീവനക്കാരികളായ സ്ത്രീകളെ രാത്രികാലങ്ങളില്‍ ജോലിയില്‍ തുടരാനനുവദിക്കാത്ത ബോംബെ വിദേശമദ്യനിയമത്തെ ചോദ്യം ചെയ്തുകൊണ്ടാണ്‌ കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്‌. വുമണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയടക്കമുള്ള വനിതാ സംഘടനകളാണ്‌ ഇത്തരം നിയമങ്ങള്‍ റദ്ദ്‌ ചെയ്യണമെന്നുള്ള ആവശ്യവുമായി രംഗത്തുള്ളത്‌. സ്ത്രീകളെ ജോലിയെടുക്കുന്നതില്‍നിന്നും വിലക്കുന്ന ഇത്തരം നിയമങ്ങള്‍ മനുഷ്യാവകാശങ്ങളുടെ ലംഘനത്തിലൂടെയാണ്‌ നടപ്പിലാക്കുന്നതെന്ന്‌ വനിതാ സംഘടനകളുടെ പ്രതിനിധിയായ വീണാ തടാനി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായി മാത്രം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നിയമങ്ങള്‍ കാലഹരണപ്പെട്ടു കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം രാത്രികാലങ്ങളില്‍ ജോലിസ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്‌ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും രാത്രി കാലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഒരു പൊതുഘടന സമൂഹത്തില്‍ അത്യന്താപേക്ഷിതമാണെന്നും ജഡ്ജിമാര്‍ ഓര്‍മിപ്പിച്ചു.

Related News from Archive
Editor's Pick