ഹോം » ക്ഷേത്രായനം » 

ശാര്‍ക്കര ശ്രീ ഭഗവതി ക്ഷേത്രം

February 23, 2012

തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍ കീഴ്‌ പഞ്ചായത്തിലാണ്‌ അതിപുരാതനമായ ഈ ദേവീ ക്ഷേത്രം.ജടായുവിന്റെ ചിറകിന്റെ കീഴിലുള്ള സ്ഥലമെന്ന അര്‍ത്ഥത്തില്‍ ചിറിന്‍കീഴ്‌ ആണ്‌ ചിറയിന്‍കീഴ്‌ ആയത്‌. അതല്ല ഇവിടെ ധാരാളം ചിറകള്‍ ഉണ്ടായിരുന്നതായും ചിറയുടെ കീഴ്പ്രദേശമായതുകൊണ്ട്‌ ചിറയിന്‍കീഴ്‌ എന്ന്‌ പേര്‌ കിട്ടി എന്നും ഐതിഹ്യം. ക്ഷേത്രത്തിനടുത്ത്‌ അനന്തരചിറ കാണാം. ദേവി വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഭദ്രകാളി, ഗണപതി, വീരഭദ്രന്‍,യക്ഷി, നാഗം എന്നീ ഉപദേവന്മാര്‍ ഉണ്ട്‌.
പണ്ട്‌ ജനവാസം കുറഞ്ഞ പ്രദേശമായിരുന്നു ഇവിടം. അമ്പലപ്പുഴ ഭാഗത്തുനിന്നും വന്ന ഏതാനും ശര്‍ക്കര വ്യാപാരികള്‍ ഇവിടെ വഴിയോരത്ത്‌ വിശ്രമിച്ചു. ക്ഷീണമകറ്റിയശേഷം യാത്ര തുടുരാന്‍ ഒരുങ്ങവെ ശര്‍ക്കരകുടങ്ങള്‍ ഒന്ന്‌ ഇളകാതായി. ബലം പ്രയോഗിച്ച്‌ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കുടം പൊട്ടി ശര്‍ക്കര പിളര്‍ന്ന്‌ ഒഴുകി അതില്‍ ഒരു വിഗ്രഹം പ്രത്യക്ഷപ്പെട്ടു.വഴിയമ്പലം വൃത്തിയാക്കാന്‍ എത്തിയ വൃദ്ധ ഇത്‌ കാണുകയും നാട്ടിലെ പ്രമാണിമാരെ വിവരം ധരിപ്പിച്ചു. അവരാണ്‌ പിന്നീട്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചത്‌. ശര്‍ക്കരകുടത്തില്‍ നിന്ന്‌ ഉയര്‍കൊണ്ടദേവി ശര്‍ക്കരദേവിയായി പ്രസിദ്ധിയാര്‍ജ്ജിച്ചു.
കുംഭമാസത്തിലെ മൂന്നാമത്തെ അല്ലെങ്കില്‍ അവസാനത്തെ വെള്ളിയാഴ്ചയാണ്‌ പ്രസിദ്ധമായ കാളിയൂട്ട്‌ ഉത്സവം. ഒരിയ്ക്കല്‍ കായംകുളം രാജാവുമായുള്ള യുദ്ധത്തിന്‌ പുറപ്പെട്ടമാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ യുദ്ധത്തില്‍ ജയിച്ചാല്‍ ദേവിക്ക്‌ കാളിയൂട്ട്‌ നടത്താംമെന്ന്‌ നേര്‍ന്നു. യുദ്ധത്തില്‍ ജയിച്ച രാജാവ്‌ ഏര്‍പ്പെടുത്തിയ വഴിപാടാണ്‌ കാളിയൂട്ട്‌. അതോടെ ഉത്തരമലബാറില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ അനുഷ്ണ്‍ജാനകലാരൂപത്തിന്‌ തെക്കന്‍ കേരളത്തിലും പ്രചാരം കിട്ടി.
ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ കുളത്തിലാണ്‌ കാളിയൂട്ട്നടക്കുക. കുറി കുറിക്കലാണ്‌ ആദ്യചടങ്ങ്‌. കാളിയൂട്ടിനുള്ള ദിവസം കുറിക്കുന്ന ചടങ്ങാണ്‌ കുറി കുറിക്കല്‍ എന്നത്‌. തുടര്‍ന്ന്‌ കുരുത്തോലയാട്ടം, നാരദന്‍പുറപ്പാട്‌, ഐരാണി പുറപ്പാട്‌, മുടിയഴിച്ചില്‍, നിലത്തില്‍ പോര്‌, ദാരികനിഗ്രഹം. ശാര്‍ക്കര മീനഭരണിക്കും പ്രശസ്തി. കുംഭമാസത്തിലെ അശ്വതി നാളില്‍ കൊടികയറി ഭരണിനാളില്‍ ആറാട്ടോടെ ഉത്സവം സമാപിക്കും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
Related News from Archive
Editor's Pick