ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള ശ്രമത്തിന്റ ഭാഗമായി മൂലമറ്റം പവര്‍ഹൗസിലെ ഉത്പാദനം കെഎസ്ഇബി ഗണ്യമായി കുറച്ചു. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ഞായറാഴ്ച ഇവിടെ ഉത്പാദിപ്പിച്ചത് 0.417 ദശലക്ഷം യൂണിറ്റ് വൈദ്യുതി. 18.2 ദശലക്ഷം യൂണിറ്റാണ് (750 മെഗാവാട്ട്) മൂലമറ്റം പവര്‍ഹൗസിന്റെ മൊത്തം ഉത്പാദന ശേഷി. കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ 2.5 ദശലക്ഷത്തിലധികമായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.
ഇടുക്കിയിലെ ഉത്പാദനം കുറച്ചപ്പോള്‍ ജില്ലയിലെ മറ്റ് പവര്‍ഹൗസുകളില്‍ പരമാവധിയാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിലവില്‍ ഡാമില്‍ 11 അടിയിലധികം ജലനിരപ്പ് കുറവ്. ജൂണില്‍ മഴ 25 ശതമാനം കുറവായിരുന്നെങ്കിലും കഴിഞ്ഞയാഴ്ച ഒരു ദിവസം 100 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. നിലവില്‍ 2338.28 അടിയാണ് ജലനിരപ്പ്. അതായത് 36.19 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 2349.58 അടി, 45.5 ശതമാനം. വൃഷ്ടി പ്രദേശത്ത് 38.6 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ ഞായറാഴ്ച ഡാമിലെ ജലനിരപ്പ് മുക്കാലടിയോളം ഉയര്‍ന്നു.
777 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലം ഡാമിലിപ്പോള്‍ ഉണ്ട്.
സംസ്ഥാനത്താകെ 56.2 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ ഇതില്‍ 41.51 ദശലക്ഷം യൂണിറ്റും പുറത്ത് നിന്നു വാങ്ങിയതും കേന്ദ്ര വിഹിതവുമാണ്. ഇടുക്കിയിലെ ഉത്പാദനം പരമാവധി കുറച്ച് വരും ദിവസങ്ങളിലും വെള്ളം പരമാവധി സംഭരിക്കാനാണ് കെഎസ്ഇബി തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി മറ്റ് പവര്‍ഹൗസുകളിലെ തകരാറുകള്‍ പരിഹരിച്ച് ഉത്പാദനം കൂട്ടാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: