തിരുവനന്തപുരം: പോലീസ് അസോസിയേഷനെ സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പേരില്‍ പിരിച്ചു വിടുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. രണ്ട് വര്‍ഷത്തെ കാലാവധി തീരും മുമ്പ് പോലീസ് അസോസിയേഷന് പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷമാണെന്ന് അസോസിയേഷന് ബൈലോയില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം നിയമത്തെ അട്ടിമറിക്കാനാണ്. പൊലീസ് അസോസിയേഷനില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഡിജിപി ഉത്തരവിറക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അസോസിയേഷനില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ഡിജിപിയുടെ ഉത്തരവാദിത്തം ആണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. പോലീസ് സ്റ്റേഷനുകളെ കയ്യടക്കാനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നീക്കത്തിന് ഡിജിപി കൂട്ടു നില്‍ക്കരുത്. പൊലീസിനെ സ്വതന്ത്രമായി പ്രവര്ത്തിക്കാനനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: