ഹോം » പ്രാദേശികം » എറണാകുളം » 

ചര്‍ച്ചയില്‍ തീരുമാനമായില്ല; കണ്ടെയ്നര്‍ ലോറി സമരം അഞ്ചാം ദിവസത്തിലേക്ക്‌

July 6, 2011

പള്ളുരുത്തി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നാല്‌ ദിവസമായി തുടര്‍ന്നുവരുന്ന കണ്ടെയ്നര്‍ ലോറി സമരം തുറമുഖ ട്രസ്റ്റ്‌ സെക്രട്ടറി സിറിള്‍ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച നാല്‌ മണിക്കൂറോളം മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ലോറിയിലെ ക്ലീനര്‍ ജീവനക്കാരെ ടെര്‍മിനലിനകത്ത്‌ പ്രവേശിപ്പിക്കുകയോ തൊഴിലാളികള്‍ക്ക്‌ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും മറ്റ്‌ അടിയന്തര സൗകര്യങ്ങളും ഒരുക്കണമെന്നുള്ള ആവശ്യത്തിന്മേലാണ്‌ ചര്‍ച്ച പ്രധാനമായും നടന്നത്‌. എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനമായിട്ടില്ല. ക്ലീനര്‍മാരെ ടെര്‍മിനലിനകത്ത്‌ പ്രവേശിപ്പിക്കുകയില്ലെന്ന ഉറച്ച നിലപാടിലാണ്‌ ദുബായ്‌ പോര്‍ട്ട്‌ വേള്‍ഡ്‌ അധികൃതര്‍.
സുരക്ഷാ പ്രശ്നങ്ങളാണ്‌ ഇക്കാര്യത്തില്‍ ദുബായ്‌ പോര്‍ട്ട്‌ അധികൃതര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്‌. ടെര്‍മിനലിന്‌ പുറത്ത്‌ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന്‌ ഇവര്‍ യൂണിയന്‍ നേതാക്കള്‍ക്ക്‌ ഉറപ്പ്‌ നല്‍കിയെങ്കിലും ഇത്‌ അംഗീകരിക്കാന്‍ ട്രേഡ്‌ യൂണിയന്‍ കോര്‍ഡിനേഷന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. പലതവണ സമരങ്ങള്‍ നടത്തിയിട്ടും ചര്‍ച്ച നടത്താന്‍പോലും ദുബായ്‌ പോര്‍ട്ട്‌വേള്‍ഡ്‌ അധികൃതര്‍ തയ്യാറായില്ലെന്നാണ്‌ യൂണിയനുകള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്‌.
സമരം മൂലം ഉണ്ടാവുന്ന കോടികളുടെ നഷ്ടം വ്യവസായ സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കയാണ്‌. ചരക്കുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഓര്‍ഡര്‍ നഷ്ടപ്പെടുമെന്ന ഭയമാണ്‌ ഇടപാടുകാര്‍ക്ക്‌. ദുബായ്‌ പോര്‍ട്ടിന്റെ പിടിവാശിയാണ്‌ സമരം നീണ്ടുപോകുന്നതിന്‌ കാരണമെന്ന്‌ കോര്‍ഡിനേഷന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ബുധനാഴ്ച ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചക്ക്‌ വിളിച്ചിട്ടുണ്ട്‌.

Related News from Archive
Editor's Pick