ഹോം » സംസ്കൃതി » 

മന്ത്രജപവും പ്രയോജനങ്ങളും

March 1, 2012


മന്ത്രജപത്തിന്റെ ആത്യന്തികലക്ഷ്യം ഈശ്വരസാക്ഷാത്കാരം അഥവാ മോക്ഷമാണ്‌ അതേസമയം ഇതിന്‌ ഭൗതികമായ പ്രയോജനങ്ങളുമുണ്ട്‌. ആത്മീയമായ വളര്‍ച്ചയോടൊപ്പം തന്നെ ഭൗതികമായ നേട്ടങ്ങള്‍ക്കും മന്ത്രശക്തിയെ ഉപയോഗപ്പെടുത്താം. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണല്ലോ പുരുഷാര്‍ത്ഥങ്ങള്‍. പുരുഷാര്‍ത്ഥസിദ്ധിക്ക്‌ മന്ത്രജപത്തിലൂടെ ഉണരുന്ന ശക്തി നമ്മെ സഹായിക്കുന്നു. തന്ത്രശാസ്ത്രത്തില്‍ ഉള്‍പ്പെടുന്ന ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം തുടങ്ങിയ കര്‍മ്മങ്ങള്‍ പെതുവേ ഭൗതികമായ നേട്ടങ്ങളെ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്‌. മാധവജി എഴുതുന്നു: ‘ദേവതാസംബന്ധിയായ ഉപദ്രവങ്ങളെ ശമിപ്പിക്കുന്നത്‌ ശാന്തി; മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ വശീകരിക്കുകയോ ആകര്‍ഷിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നത്‌ വശ്യം. അങ്ങനെയുള്ള ജീവികളുടെ പ്രവൃത്തികള്‍ അഹിതകരങ്ങളാകുമ്പോള്‍ തടയുന്നത്‌ സ്തംഭനം; അവരുടെയിടയില്‍ ഛിദ്രവാസന വളര്‍ത്തി സ്വയം രക്ഷനേടുവാന്‍ ശ്രമിക്കുന്നത്‌ വിദ്വേഷണം; ഉപദ്രവിക്കുവാന്‍ കഴിയാത്ത സ്ഥാനത്തേക്ക്‌ അവരെ നീക്കിനിര്‍ത്തുന്നത്‌ ഉച്ചാടനം; ആ വക ജീവികളെയോ ദേവതകളെയോ മനുഷ്യരെയോ മന്ത്രശക്തിയുപയോഗിച്ച്‌ നിഹനിക്കുന്നത്‌ മാരണം. ഒരേ മന്ത്രം തന്നെ പ്രയോഗവൈവിധ്യത്താല്‍ ഈ ആറു കര്‍മ്മങ്ങള്‍ക്കായും ഉപയോഗിക്കാമെന്ന്‌ മന്ത്രശാസ്ത്രം പറയുന്നു. അങ്ങനെ സാധാരണ മനുഷ്യന്‌ അസാധ്യങ്ങളായ പല അത്ഭുതകൃത്യങ്ങളും ശക്തമായ ഉപാസനകൊണ്ടും ശാസ്ത്രാഭ്യാസം കൊണ്ടും ഒരു മാന്ത്രികന്‌ ചെയ്യാന്‍ സാധിക്കുമെന്നതിന്‌ രണ്ടുപക്ഷമില്ല. ശാസ്ത്രത്തെ പ്രായോഗികമായി അഭ്യസിച്ച്‌ പഠിക്കാതെ വിദൂരത്തുനിന്നുകൊണ്ട്‌ കാര്യമറിയാതെ പറയുന്ന സ്തുതിയും പരിഹാസവും ഒരുപോലെ അശാസ്ത്രീയങ്ങളും അവാസ്തവങ്ങളും ബാലിശങ്ങളുമാണെന്ന്‌ പറഞ്ഞേതീരൂ! ഇതില്‍ നിന്നും മന്ത്രത്തെ വിവിധ സാര്യസിദ്ധികള്‍ക്കായി ഉപയോഗിക്കാമെന്ന്‌ നാം കണ്ടു. ഇതാണ്‌ ജ്യോതിഷപരമായ ദോഷശാന്തിക്ക്‌ മന്ത്രത്തെ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനം.
ഗ്രഹനിലയില്‍ പിഴച്ചുനില്‍ക്കുന്ന ഗ്രഹത്തിന്റെയോ അതിന്റെ ദേവതയുടെയോ മന്ത്രങ്ങള്‍ ഭക്തിപൂര്‍വ്വം ജപിക്കുക. പുരശ്ചരണം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുക ഒരു സാധാരണക്കാരന്‌ ക്ലേശകരമായിരിക്കും. നിരന്തരമായി ജപം മാത്രം അനുഷ്ഠിക്കുക. ഭക്തിപൂര്‍വ്വമുള്ള ജപം ഏത്‌ ക്ലേശങ്ങളെയും പരിഹരിക്കും. സാധനയില്‍ മാത്രം ആവശ്യമായ സങ്കീര്‍ണവും സൂക്ഷ്മവുമായ അനുഷ്ഠാനങ്ങള്‍ ഒഴിവാക്കി ജപം ആര്‍ക്കും പരിശീലിക്കാം. മന്ത്രം ഒരു ഗുരുവിന്റെ ഉപദേശപ്രകാരം ജപിക്കുന്നതാണ്‌ ഉത്തമം.
– ഡോ. കെ.ബാലകൃഷ്ണവാര്യര്‍

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
Related News from Archive
Editor's Pick