ഹോം » വിചാരം » രാജനൈതികം

ഗാന്ധിവധവും കുപ്രചാരണങ്ങളും

രാജനൈതികം
ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന ആരോപണം പ്രശസ്ത എഴുത്തുകാരന്‍ എ.ജി. നുറാണിയും കോണ്‍ഗ്രസ്സിന്റെ പത്രവും കോടതിയില്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞ് തടി രക്ഷപ്പെടുത്തിയിട്ടുള്ളതാണ്.

gandhijiകുപ്രചാരണങ്ങള്‍വഴി ജനമനസ്സുകളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ചരിത്ര വിജയം നേടിയിട്ടുള്ള നേതാക്കന്മാരായിരുന്നു ജര്‍മ്മനിയിലെ അഡോള്‍ഫ് ഹിറ്റ്‌ലറും സോവിയറ്റ് യൂണിയനിലെ ജോസഫ് സ്റ്റാലിനും. സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും ഇവര്‍ക്ക് യാതൊരുവിധ മനസ്സാക്ഷിക്കുത്തുമുണ്ടായിരുന്നില്ല. സ്റ്റാലിന്റെ മാര്‍ഗ്ഗം ലോക കമ്യൂണിസം ഇപ്പോള്‍ പാടേ ഉപേക്ഷിക്കുകയും ക്രൂരനായ ആ ഭരണാധിപനെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഭാരതത്തിലെ സിപിഎം മാത്രം സ്റ്റാലിന്റെ ചീഞ്ഞുനാറിയ പ്രേതം ഇപ്പോഴും നെഞ്ചിലേറ്റി നടക്കുകയാണ്.

സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറി ആര്‍എസ്എസ്സിനെ ഗാന്ധിഘാതകരായി ചിത്രീകരിച്ചുകൊണ്ട് ഒരു പൊതുലേഖനം തയ്യാറാക്കി കേരളത്തിലെ മിക്ക പത്രങ്ങള്‍ക്കും നല്‍കിയിരുന്നു. മുഖ്യധാരാ പത്രങ്ങള്‍ പ്രസ്തുത ലേഖനത്തെ അവഗണിച്ചുവെങ്കിലും ഒട്ടേറെ മാധ്യമങ്ങളില്‍ അത് അച്ചടിച്ചുവന്നിരുന്നു. പ്രസ്തുത ലേഖനം ദുരുപദിഷ്ഠവും കരുതികൂട്ടി ആര്‍എസ്എസ്സിനെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ളതുമാണ്.

സത്യത്തെ ആഴത്തില്‍ കുഴിച്ചുമൂടിക്കൊണ്ട് കുപ്രചാരണങ്ങള്‍ക്കാണ് സിപിഎം ശ്രമിച്ചിട്ടുള്ളത്. ഭാരതത്തിലെ മുഖ്യ പ്രതിപക്ഷവും 8-9 സംസ്ഥാനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ സൃഷ്ടിക്കുകയും ചെയ്തുവന്ന സിപിഎം എന്ന ദേശീയ പാര്‍ട്ടിയുടെ ദുര്യോഗമാണ് ലേഖനത്തിലൂടെ ദൃശ്യമായിട്ടുള്ളത്.

ലോക്‌സഭയിലെ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രാദേശിക കക്ഷികള്‍ക്കും താഴെ 9-ാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടുപോയ കക്ഷിയാണ് സിപിഎം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സിപിഎമ്മുകാരായ ലോക്‌സഭാംഗങ്ങളുടെ എണ്ണം കേവലം ഒറ്റ അക്കത്തില്‍ ഒതുങ്ങുന്നതാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍കൂടി പുറത്തുവന്നതോടെ മുഖ്യ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം ഒഴികെ മറ്റെവിടെയും സിപിഎമ്മിന് ‘ക്ലച്ച്’ പിടിക്കുന്നില്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റം സിപിഎമ്മിന് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കുന്നത്. ആര്‍എസ്എസ് വിരുദ്ധ ‘മാനിയാക്കുകളായി’ അവര്‍ മാറിയിരിക്കയാണ്.

ഗാന്ധിവധത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ആര്‍എസ്എസിനെ പഴിച്ചുകൊണ്ട് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രസംഗിച്ചതിനെതിരെ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മാനനഷ്ട നിയമനടപടികള്‍ക്ക് മുതിര്‍ന്ന അഭിഭാഷകനാണ് ഈ ലേഖകന്‍. ഇത് കോടിയേരി ലേഖനത്തില്‍ പറയുന്നുമുണ്ട്. ഗാന്ധിവധവുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ സംഘടിപ്പിക്കാന്‍ വേണ്ടി അന്ന് ശ്രമിച്ചിരുന്നു. ഗാന്ധിവധത്തില്‍ ആര്‍എസ്എസ്സിന് പങ്കില്ലെന്ന കാര്യം അത് സംബന്ധിച്ച പ്രോസിക്യൂഷന്‍ കേസിന്റെ രേഖകളും, ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സംഘടിപ്പിക്കുക എന്ന സാഹസിക ശ്രമത്തിന് ഏറെ പ്രയത്‌നം വേണ്ടിവന്നു.

ജനാധിപത്യ ഭാരതത്തില്‍ ഫാസിസ്റ്റ് ഹിറ്റ്‌ലറുടെ പ്രേതം ആവാഹിച്ചിരുന്ന ഇന്ദിരാ ഭരണകൂടം ഭാരതത്തിലെ എല്ലാ പൊതു ലൈബ്രറികളില്‍നിന്നും ജസ്റ്റിസ് കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശേഖരിച്ച് നശിപ്പിച്ച് ഇല്ലാതാക്കിയ കാലഘട്ടമായിരുന്നു അത്. ഈ ലേഖകന്റെ അറിവില്‍പ്പെട്ടിടത്തോളം ഇപ്പോഴും ജസ്റ്റിസ് കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അടിയന്തരാവസ്ഥയെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ തലത്തിലോ പൊതുലൈബ്രറികളിലോ ലഭ്യമല്ല. യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ് തൊപ്പി ചേരുന്നത് ഇത്തരം കോണ്‍ഗ്രസ് കങ്കാണിമാര്‍ക്കാണ്. അവര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി പൊതുരേഖകള്‍ കത്തിച്ചുകളയുകയായിരുന്നു. പുസ്തകങ്ങള്‍ കത്തിക്കുന്നത് തലമുറകളോടുചെയ്യുന്ന പാപം കൂടിയാണ്. ഈ പാപം ചെയ്തവരാണ് കോണ്‍ഗ്രസും സിപിഎമ്മും.

രണ്ടു പതിറ്റാണ്ടു മുന്‍പ് ബന്ധപ്പെട്ട രേഖകളൊക്കെ സംഘടിപ്പിച്ച് എന്റെ കക്ഷിക്കുവേണ്ടി ഞാന്‍ ഇ.കെ.നായനാര്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയെ പ്രതിയാക്കാനുള്ള സ്റ്റാറ്റിയൂട്ടറി നോട്ടീസ് അയയ്ക്കുകയാണുണ്ടായത്. പക്ഷേ അത് കൈപ്പറ്റിയശേഷം അതിലുന്നയിച്ച വാദങ്ങളെ ഖണ്ഡിക്കാനോ നിഷേധിക്കാനോ മുഖ്യമന്ത്രി നായനാരോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ തയ്യാറാവുകയുണ്ടായില്ല. അവര്‍ മറുപടി അയയ്ക്കുകയുമുണ്ടായില്ല. എന്നാല്‍ നോട്ടീസയച്ച എന്റെ കക്ഷിക്കെതിരെ വില്‍പ്പന നികുതി വകുപ്പുകളുംമറ്റും ഉപയോഗിച്ച് വേട്ടയാടാനുള്ള ശ്രമമാണ് നടന്നത്.

ഇത്തരം കുത്സിതശ്രമങ്ങളെ തുടര്‍ന്നാണ് അഭിഭാഷകനായ ഈ ലേഖകന് തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാകാതെ വന്നത്. എന്റെ നോട്ടീസിനെക്കുറിച്ച് ലേഖനത്തില്‍ പാമര്‍ശിക്കുന്ന കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇതെല്ലാമറിയാമായിരുന്നിട്ടും അവര്‍ ബോധപൂര്‍വ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഗാന്ധിവധത്തില്‍ ആര്‍എസ്എസ്സിന്റെ പങ്ക് സൂചിപ്പിച്ച് ‘ദേശാഭിമാനി’ കലണ്ടറില്‍ രേഖപ്പെടുത്തിയത് നിയമ നടപടിയെ തുടര്‍ന്ന് സിപിഎമ്മിന്റെ ജിഹ്വയ്ക്ക് തിരുത്തേണ്ടി വന്ന കാര്യവും കോടിയേരി ഓര്‍ക്കുന്നത് നന്നായിരിക്കും.

ഗാന്ധിയെ രാഷ്ട്രനിര്‍മ്മിതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മഹാരഥന്മാരുടെ പട്ടികയില്‍പ്പെടുത്തിയാണ് ആര്‍എസ്എസ് ആദരിക്കുന്നത്. സംഘത്തിന്റെ പ്രാതഃസ്മരണയില്‍ ഗാന്ധിജിയുടെ നാമധേയം സ്മരിച്ചുകൊണ്ട് അദ്ദേഹത്തെ വാഴ്ത്തുന്നുണ്ട്. ബിജെപിയുടെ പഞ്ചതത്വങ്ങളിലൊന്നായി ഗാന്ധിയന്‍ സാമ്പത്തിക സമീപനം സ്വീകരിച്ചിരുന്നു. 1975-77 ല്‍ അടിയന്തരാവസ്ഥയിലെ ഏകാധിപത്യത്തിനെതിരെ ലക്ഷക്കണക്കിന് സ്വയംസേവകര്‍ നിയമ നിഷേധം നടത്തി പെണ്‍ഹിറ്റ്‌ലറായ ഇന്ദിരാഗാന്ധിയുടെ മര്‍ദ്ദനമേറ്റുവാങ്ങുകയും മരണത്തെ ചുംബിക്കുകയും ചെയ്തപ്പോള്‍ അവരൊക്കെ നെഞ്ചില്‍ ധരിച്ചിരുന്ന ബാഡ്ജ് ഗാന്ധിയുടെതും, മുദ്രാവാക്യം ഗാന്ധിജിക്ക് ജയ് എന്നുമായിരുന്നു.

ഗാന്ധിയെ എക്കാലത്തും തിന്മയുടെ പ്രതീകവും ഇല്ലാതാക്കേണ്ട വര്‍ഗ്ഗശത്രുവുമായി കണക്കാക്കുന്ന ചരിത്രമുള്ള പാര്‍ട്ടികളാണ് സിപിഎം-സിപിഐ കക്ഷികള്‍. ഗാന്ധിവധം സത്യസന്ധവും വസ്തുതകളുടെ അടിസ്ഥാനത്തില്‍ യുക്തിഭദ്രവുമായി അപഗ്രഥിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത രാഷ്ട്രീയ സംവിധാനവും ജനങ്ങളും പരാജയപ്പെട്ടു എന്നതാണ് പരുക്കന്‍ യാഥാര്‍ത്ഥ്യം. എന്തിനെയും വിറ്റ് കാശാക്കി കസേര ഉറപ്പിക്കുന്ന അവസരവാദികളായ അധികാര മോഹികള്‍ക്ക് ഗാന്ധിയും ഗാന്ധിവധവും കച്ചവട ഉല്‍പ്പന്നങ്ങളായി ഭാരതത്തില്‍ മാറുകയാണുണ്ടായത്.

ഗാന്ധിയുടെ അരുമശിഷ്യനായിരുന്ന ആചാര്യ ജെ.ബി.കൃപലാനി ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ”ഗാന്ധിജി തെറ്റ് ചെയ്യാത്ത ആളായിരുന്നില്ല. പിഴയ്ക്കാത്ത വ്യക്തിത്വവുമായിരുന്നില്ല അദ്ദേഹത്തിന്റെത്. അദ്ദേഹം അനവധി തെറ്റുകള്‍ ചെയ്തിട്ടുണ്ട്.” ഈ വാക്കുകള്‍ ചില പ്രശ്‌നങ്ങളില്‍ ഗാന്ധിയുടെ നിലപാടിനെ എതിര്‍ത്ത ചരിത്രമുള്ള സംഘനിലപാടിനെ വിമര്‍ശിക്കുന്നവര്‍ കണ്ണുതുറന്നു കാണേണ്ടതുണ്ട്. ആചാര്യ കൃപലാനി തന്നെ പിന്നീട് കൂട്ടത്തില്‍ മറ്റൊരു കാര്യംകൂടി പറഞ്ഞു. അതിതാണ്: ”എല്ലാ തെറ്റുകളുടെ ഇടയിലും ഗാന്ധിജി ശുദ്ധനും സത്യവാനുമായിരുന്നു”.

ഗാന്ധി എന്ന മഹാത്മാവും ആര്‍എസ്എസുമായുള്ള ബന്ധത്തെ ആചാര്യ കൃപലാനിയുടെ വാക്കുകള്‍കൂടി അടിസ്ഥാനപ്പെടുത്തി വിലയിരുത്തുകയാണ് വേണ്ടത്. നാഥുറാം വിനായക് ഗോഡ്‌സേ 1934 മുതല്‍ ആര്‍എസ്എസ്സുമായി യാതൊരു വിധത്തിലും ബന്ധപ്പെട്ടിരുന്നില്ല. തീവ്ര സ്വഭാവമില്ലെന്ന് പ്രഖ്യാപിച്ച് ആര്‍എസ്എസ്സിനെ എതിര്‍ത്തുകൊണ്ട് ഹിന്ദുമഹാസഭയുടെ പൂര്‍ണ്ണ സമര്‍പ്പണ അംഗമായ ആളായിരുന്നു നാഥുറാം ഗോഡ്‌സേ.

1993 നവംബര്‍ 22-ലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ എല്‍.കെ.അദ്വാനി എഴുതിയ ലേഖനത്തില്‍ ഇക്കാര്യം കാര്യകാരണ സഹിതം പറയുന്നുണ്ട്. ”ആര്‍എസ്എസ്സിന്റെ ഒരു കടുത്ത വിമര്‍ശകനായിരുന്നു നാഥുറാം ഗോഡ്‌സേ. ഹിന്ദുക്കളെ ആര്‍എസ്എസ് ഷണ്ഠന്‍മാരാക്കിയെന്നായിരുന്നു ഗോഡ്‌സേയുടെ ആരോപണം. ഞങ്ങള്‍ക്ക് ഗോഡ്‌സെയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മറ്റൊന്നും പറയാനില്ലാതെ വരുമ്പോള്‍ ഗാന്ധിജിവധവുമായി ഞങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന ആരോപണം വീണ്ടുമുയര്‍ത്തുന്നത് കോണ്‍ഗ്രസുകാരുടെ ഒരു സ്വഭാവമാണ്.

” ഗാന്ധിവധത്തെ തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട സുപ്രധാനകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഡെപ്യൂട്ടി പ്രധാനമന്ത്രി വല്ലഭഭായ് പട്ടേലും മുഖ്യമന്ത്രി മൊറാര്‍ജി ദേശായിയും ഇതുസംബന്ധിച്ച് നല്‍കിയിട്ടുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ ആര്‍എസ്എസ്സിന് ഗാന്ധിവധവുമായി ബന്ധമില്ലെന്നുതന്നെയാണ് തെളിയിച്ചിട്ടുള്ളത്.

2000 ജനുവരി 15 ന് ദല്‍ഹിയിലെ ‘ദ സ്റ്റേറ്റ്‌സ്മാന്‍’ പത്രത്തില്‍ ഗാന്ധിവധത്തില്‍ ആര്‍എസ്എസ്സിന് പങ്കുണ്ടെന്ന് എ.ജി.നൂറാണിയുടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ എ.ജി.നൂറാണിക്കും എഡിറ്റര്‍ സി.ആര്‍.ഇറാനിക്കുമെതിരെ ആര്‍എസ്എസ് മാനനഷ്ട കേസ് നല്‍കിയിരുന്നു. അവസാനം രാജ്യത്തെ ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ എ.ജി. നൂറാണിയും കോണ്‍ഗ്രസ്സിന്റെ പത്രവും കോടതിയില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞ് തടി രക്ഷപ്പെടുത്തുകയാണുണ്ടായത്. ഗാന്ധിവധം ആരോപിച്ച് ഏര്‍പ്പെടുത്തിയ ആര്‍എസ്എസ് നിരോധനം നെഹ്‌റു മന്ത്രിസഭ പിന്‍വലിച്ചതും സംഘത്തിനെതിരെ തെളിവില്ലാത്തതിനാലായിരുന്നു.

സത്യമാണീശ്വരന്‍ എന്ന അടിസ്ഥാനതത്വം ആവോളം പ്രചരിപ്പിച്ച മഹാനാണ് ഗാന്ധിജി. ഈ തത്വം നടപ്പിലാക്കി ആചരിക്കുന്നതിലും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. ഗാന്ധിയെ അദ്ദേഹത്തിന്റെ ജീവിതഘട്ടത്തില്‍ നഖശിഖാന്തം എതിര്‍ക്കുകയും, അദ്ദേഹത്തെക്കുറിച്ച് ഒരു നല്ല വാക്കുപോലും പറയാതെ ”വാര്‍ദ്ധയിലെ കള്ളദൈവ’മെന്നും ‘സാമ്രാജ്യത്തിന്റെ ചെരുപ്പുനക്കി’യെന്നുമൊക്കെ പറഞ്ഞ് അപമാനിച്ചവരാണ് ഭാരതത്തിലെ കമ്യൂണിസ്റ്റുകള്‍. ആര്‍എസ്എസ് കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും ചില നിലപാടുകളെ എതിര്‍ത്തിട്ടുണ്ടാവാം. പക്ഷേ ഗാന്ധിജിയെന്ന മഹാത്മാവ് സൃഷ്ടിച്ച മാതൃകയേയും, ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രസങ്കല്‍പ്പത്തേയും ദേശസ്‌നേഹത്തെയും സമര്‍പ്പിത ജീവിതത്തെയും ഉചിതമാംവിധം സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ മാനിക്കുന്നു.

[email protected]
അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick