ഹോം » വാണിജ്യം » 

മാരുതി പ്ലാന്റിലെ സമരം അവസാനിച്ചു

June 17, 2011

മനേസാര്‍: ഹരിയാനയിലെ മനേസാറിലെ മാരുതി പ്ലാന്റിലെ ജീവനക്കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തൊഴിലാളി യൂണിയന്‍ അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ പതിമൂന്ന് ദിവസമായി സമരം നടത്തി വന്നത്.

യൂണിയന്‍ ഉണ്ടാക്കിയതിന് പതിനൊന്ന് പേരെ മാനേജുമെന്റ് സസ്‌പെന്റ് ചെയ്തിരുന്നു. ഹരിയാന സര്‍ക്കാരിന്റെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം ഒത്തു തീര്‍പ്പായത്.  സമരക്കാരുടെ ആവശ്യം സംബന്ധിച്ച് കമ്പനിയുമായി ധാരണയിലെത്തിയതിനാലാണ് പിന്‍വാങ്ങുന്നതെന്ന് ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ വ്യക്തമാക്കി.

സമരത്തെ തുടര്‍ന്ന് കമ്പനി പിരച്ചുവിട്ട പതിനൊന്ന് ജീവനക്കാരെ തിരിച്ചെടുക്കാന്‍ ധാരണയായിട്ടുണ്ട്. തൊഴിലാളികള്‍ രൂപവത്ക്കരിച്ച മാരുതി സുസുക്കി എംപ്ലോയീസ് യൂണിയന്‍(എം.എസ്.യു) എന്ന പുതിയ യൂണിയന് അംഗീകാരം നല്‍കണമെന്നും കരാര്‍ ജീവനക്കാരെ പുന:സ്ഥാപിക്കണമെന്നതുമായിരുന്നു സമരക്കാരുടെ ആവശ്യം.

സമരത്തെ തുടര്‍ന്ന് പ്ലാന്റിലെ ഉത്പാദനം മുടങ്ങിയത് കാരണം കമ്പനിക്ക് ഇതുവരെ 380 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Related News from Archive
Editor's Pick