ഹോം » ഭാരതം » 

തെലുങ്കാനയില്‍ ബന്ദ് തുടരുന്നു

July 6, 2011

ഹൈദ്രാബാദ്: തെലുങ്കാന മേഖലയില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ് തുടരുന്നു. ചെറിയ അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ബന്ദ് സമാധാനപരമാണ്. തെലുങ്കാന സംസ്ഥാന രൂപീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്.

ഹൈദ്രാ‍ബാദിലും മറ്റ് ഒമ്പത് ജില്ലകളിലും ജനജീവിതം സ്തംഭിച്ചു. ഈ മേഖലയില്‍ ട്രാന്‍‌സ്‌പോര്‍ട്ട് ബസുകളും ലോക്കല്‍ ട്രെയിനുകളും സര്‍വ്വീസ് നടത്തുന്നില്ല. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഉസ്മാനിയ യൂണീവേഴ്സിറ്റിയിലേക്ക് കടക്കാന്‍ ശ്രമിച്ച വിമത ടി.ഡി.പി എം.എല്‍.എയെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി.

പ്രതിഷേധിച്ച വിദ്യാ‍ര്‍ത്ഥികള്‍ക്കെതിരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. അതേ സമയം തെലുങ്കാന മേഖലയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ രാജി തുടരുകയാണ്. ടി.ആര്‍.എസ് നേതാവ് കെ.ചന്ദ്രശേഖര റാവു ലോക്‍സഭാ അംഗത്വം രാജിവച്ചതായുള്ള കത്ത് സ്പീക്കര്‍ മീരാ കുമാറിന് അയച്ചു കൊടുത്തു.

നടി വിജയ ശാന്തിയും രാജി സമര്‍പ്പിച്ചിട്ടുണ്ട്. തെലുങ്കാന മേഖലയില്‍ അക്രമം പൊട്ടിപുറപ്പെടാതിരിക്കാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.

Related News from Archive
Editor's Pick