ഹോം » വാര്‍ത്ത » 

അധ്യാപകര്‍ക്ക്‌ യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കി

March 8, 2012

തിരുവനന്തപുരം: അധ്യാപക നിയമനത്തിന്‌ യോഗ്യതാപരീക്ഷ (ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌) നിര്‍ബന്ധമാക്കിക്കൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവിലെ അധ്യാപകര്‍ക്കും ഇതു ബാധകമാണ്‌. ഉത്തരവനുസരിച്ച്‌ സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നരലക്ഷത്തിലേറെ വരുന്ന അധ്യാപകര്‍ യോഗ്യതാ നിര്‍ണയ പരീക്ഷ എഴുതേണ്ടിവരും. സര്‍ക്കാര്‍ ഉത്തരവ്‌ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.
അടുത്ത അധ്യയന വര്‍ഷം മുതല്‍ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കും. പരീക്ഷയുടെ നടത്തിപ്പ്‌ ചുമതല എസ്സിഇആര്‍ടിക്കാണ്‌. എല്‍പി, യുപി, ഹൈസ്കൂള്‍ അധ്യാപകരാകണമെങ്കില്‍ യോഗ്യതാ പരീക്ഷ പാസാകണം. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ്‌ അധ്യാപക നിയമനത്തിന്‌ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയത്‌. യോഗ്യതാ പരീക്ഷ നടത്തുന്നതു സംബന്ധിച്ച്‌ പിഎസ്സിയുമായും വിദ്യാഭ്യാസ വകുപ്പ്‌ ചര്‍ച്ച നടത്തി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക്‌ യോഗ്യതാ പരീക്ഷ നടത്തണമെന്നാണ്‌ നിഷ്കര്‍ഷിച്ചിട്ടുള്ളത്‌.
എന്നാല്‍ കേന്ദ്രനിയമത്തെക്കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ലിഡാജേക്കബ്‌ കമ്മറ്റി ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക്‌ നിയമം ബാധകമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത്‌ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഉത്തരവിനെതിരേ അധ്യാപക സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്‌. ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ പുനഃപരിശോധിക്കണമെന്ന്‌ ദേശീയ അധ്യാപക പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. ടിടിസിയും ബിഎഡും കഴിഞ്ഞുവരുന്ന അധ്യാപകര്‍ക്ക്‌ യോഗ്യതാ പരീക്ഷ നടത്തേണ്ട ആവശ്യമില്ല. അവരുടെ അഭിരുചി വര്‍ദ്ധിപ്പിക്കാനുള്ള കോഴ്സുകളും പരിശീലനവുമാണ്‌ നല്‍കേണ്ടത്‌. സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ കെഎസ്ടിഎ ഇന്ന്‌ സബ്ജില്ലാ കേന്ദ്രങ്ങളില്‍ ഉത്തരവിന്റെ പകര്‍പ്പ്‌ കത്തിക്കും. ശക്തമായ തുടര്‍ സമരങ്ങള്‍ക്കും സംഘടന നേതൃത്വം നല്‍കുമെന്നു കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഷാജഹാന്‍ പറഞ്ഞു.
നിലവിലുള്ള അധ്യാപകരെ യോഗ്യതാ പരീക്ഷയില്‍ നിന്ന്‌ ഒഴിവാക്കണമെന്നു മുസ്്ല‍ിം ലീഗിന്റെ അധ്യാപക സംഘടനയായ കെഎസ്ടിയു ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ കെ.എസ്‌.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ പറഞ്ഞു. മറ്റു അധ്യാപക സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
സ്വന്തം ലേഖകന്‍

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍
വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick