ഹോം » ഭാരതം » 

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ല: ചിദംബരം

July 7, 2011

ന്യൂദല്‍ഹി: പ്രത്യേക സംസ്ഥാന രൂപവല്‍ക്കരിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശിലെ തെലുങ്കാന മേഖലയില്‍നിന്നുള്ള എംപിമാരും എംഎല്‍എമാരും കൂട്ട രാജി സമര്‍പ്പിച്ചെങ്കിലും സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട അവസ്ഥ സംജാതമായിട്ടില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം.
കോണ്‍ഗ്രസ്‌ എംഎല്‍എമാരും എംപിമാരും രാജിവെച്ച്‌ തങ്ങളുടെ നയം വ്യക്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും രാജി സമര്‍പ്പിച്ചവരുമായി കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുള്ള കാര്യത്തെക്കുറിച്ച്‌ തങ്ങള്‍ ചിന്തിച്ചിട്ടുകൂടെയില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനുശേഷമേ ഇക്കാര്യത്തില്‍ വിശദമായ അഭിപ്രായപ്രകടനം നടത്താനാവുകയുള്ളൂ, ചിദംബരം മാധ്യമങ്ങളോട്‌ പറഞ്ഞു. ഇതോടൊപ്പം തെലുങ്കാന പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം നടത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാവരുതെന്നാണ്‌ താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലുങ്കാന പ്രശ്നം മുന്‍നിര്‍ത്തി തെലുങ്കാന സംയുക്ത കര്‍മസമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഹര്‍ത്താലിനിടയില്‍ പരക്കെ അക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സാഹചര്യത്തിലാണ്‌ ആഭ്യന്തര മന്ത്രി മാധ്യമങ്ങള്‍ക്ക്‌ മുന്നിലെത്തിയത്‌. സംസ്ഥാനത്തെ ഭരണപ്രതിസന്ധിയും തെലുങ്കാന ബന്ദിന്റെ രൂക്ഷതയും മുന്‍നിര്‍ത്തി ആന്ധ്രാപ്രദേശ്‌ രാഷ്ട്രപതി ഭരണത്തിലേക്ക്‌ നീങ്ങുകയാണെന്നുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. തെലുങ്കാന മേഖലയില്‍നിന്നുള്ള വിവിധ രാഷ്ട്രീയകക്ഷികളില്‍പ്പെട്ട നൂറോളം എംഎല്‍എമാരും എംപിമാരുമടങ്ങുന്ന സംഘമാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി കൂട്ടരാജിസമര്‍പ്പിച്ചത്‌. തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായി കേന്ദ്രസര്‍ക്കാരിന്റെമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകഎന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ കര്‍മസമിതി ഹര്‍ത്താല്‍ ശക്തമാക്കിയത്‌.
സ്കൂളുകളും പെട്രോള്‍ ബങ്കുകളും വ്യാപാര സ്ഥാപനങ്ങളും ഹര്‍ത്താലിന്റെ ഭാഗമായി അടഞ്ഞുകിടന്നു. ആന്ധ്രാപ്രദേശ്‌ സ്റ്റേറ്റ്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷനടക്കമുള്ള വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില വളരെ കുറവായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഉസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനങ്ങള്‍ പലയിടത്തും അക്രമാസക്തമായി.

Related News from Archive
Editor's Pick