ഹോം » സംസ്കൃതി » 

ആത്മാവിന്റെ ഒരു രൂപമാണ്‌ മനസ്സ്‌

June 17, 2011

ആത്മാവിന്റെ ഒരൂ രൂപമാണ്‌ മനസ്സ്‌. അത്‌ ജാഗ്രദവസ്ഥയില്‍ കാണപ്പെടുന്നു. നിദ്രാവസ്ഥയില്‍ നാം ആരാണെന്ന ഓര്‍മയോ വേറെ വല്ല ചിന്തകളോ ലോകമോ ഒന്നും ഇല്ല. പാര്‍ക്കപ്പെടുന്നതാണ്‌ പാര്‍(കാണപ്പെടുന്നതാണ്‌ ഭൂമി എന്നര്‍ത്ഥം) (പാര്‍ക്കുക=കാണുക, പാര്‍= ഭൂമി) ‘ലോക്യതേ ഇതിലോകഃ’ എന്താണ്‌ കാണുന്നത്‌? അഹന്തതന്നെ. ഉണ്ടായി ഇല്ലാതാവുന്നതാണ്‌ ഈ അഹന്ത. നാം ഉണ്ടായി ഇല്ലാതാവാതെ എന്നും ഉണ്ട്‌. അഹന്തയ്ക്കുമപ്പുറത്ത്‌ ചിന്തകള്‍ക്കതീതമായി ആത്മാവായി വര്‍ത്തിക്കുന്ന ബോധമാണ്‌ നാം.
നിദ്രയില്‍ മനസ്സ്‌ താത്കാലികമായി ലയിക്കുന്നുവെന്നല്ലാതെ അതുനശിക്കുന്നില്ല. അതുകൊണ്ടാണ്‌ അത്‌ വീണ്ടും പുറപ്പെടുന്നത്‌. ധ്യാനസാധനയിലും അങ്ങനെതന്നെയാണെന്ന്‌ പറയാം. ഇല്ലാതായ മനസ്സ്‌വീണ്ടും പുറപ്പെടില്ല. അതിനാല്‍ നാം സാധിച്ചെടുക്കേണ്ടത്‌ മനോനിഗ്രഹമാണ്‌, മനോലയമല്ല. ധ്യാനത്തില്‍നിന്നുണ്ടാവുന്ന ശാന്തിയില്‍ മനസ്സുലയിച്ചിരിക്കുന്നു. അതു പോരാ, ആവശ്യമായ സാധകളില്‍ക്കൂടി അതിനെ നിഗ്രഹിക്കണം. അല്ലെങ്കില്‍ വീണ്ടും വീണ്ടും പുറപ്പെട്ടുശല്യപ്പെടുത്തും. ഏതോ ഒരു ചെറുചിന്തയ്ക്കിടയില്‍ യോഗലയം ഉണ്ടായാല്‍ നീണ്ട കാലത്തിനുശേഷം മനസ്സ്‌ വീണ്ടും വെളിപ്പെടുമ്പോള്‍ അഹന്താവാസന അറ്റിരിക്കില്ല. അതിനാല്‍ ആദ്യത്തെ ചിന്തയുടെ തുടര്‍ച്ചയാണ്‌ കാണുക. ഈ നിലയിലുള്ളവന്‍ മനോനിഗ്രഹം സാധിച്ചവനല്ല. ശരി, എന്താണ്‌ മനോനിഗ്രഹം? ആത്മാവായ തന്നില്‍നിന്നും വേറെയായി മനസ്സെന്ന ഒന്നില്ല എന്ന്‌ ശരിക്കറിയുന്നതാണ്‌ മനോനാശം അഥവാ മനോനിഗ്രഹം. ഇപ്പോഴായാലും എപ്പോഴായാലും മനസ്സിന്‌ സ്വന്തമായി നിലനില്‍പില്ല. ഈ സത്യം നന്നായിറിഞ്ഞാല്‍ ലോകത്തിനോ വ്യവഹാരങ്ങള്‍ക്കോ നമ്മെ ഒന്നും ചെയ്യാനാവില്ല. ജോലികള്‍ സ്വയം നടന്നുകൊള്ളും. ജോലി ചെയ്യുന്ന മനസ്സ്‌ നാമല്ല. അത്‌ ആത്മാവിന്മേലുള്ള തോന്നല്‍ (രൂപമ്ാ‍മാത്രമാണ്‌ എന്നറിയുന്നതാണ്‌ മനോനിഗ്രഹസാധന.

Related News from Archive
Editor's Pick