മത്സ്യലഭ്യതയില്‍ വന്‍ കുറവ്‌ കായലോരങ്ങള്‍ വറുതിയിലേക്ക്‌

Thursday 7 July 2011 12:15 am IST

പള്ളുരുത്തി: ഉള്‍നാടന്‍ കായലുകളില്‍ മത്സ്യലഭ്യത വന്‍തോതില്‍ കുറഞ്ഞത്‌ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരുമാസത്തിലധികമായി കായലുകളില്‍ പണിക്കിറങ്ങിയ ചെറുവള്ളങ്ങളിലെ തൊഴിലാളികളാണ്‌ പ്രതിസന്ധിയിലായത്‌. പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്‌, കായലുകളില്‍ ഈ സീസണില്‍ സുലഭമായി ലഭിക്കേണ്ട തെള്ളി, നാരന്‍, ചൂടന്‍ ചെമ്മീനുകള്‍ നാലിലൊന്നു മാത്രമേ ലഭിക്കുന്നുള്ളൂ. മത്സ്യ ഇനങ്ങളും നന്നേകുറവ്‌. കരിമീന്‍, പള്ളത്തി, തിലോപ്പിയ, പ്രാഞ്ഞിന്‍, ഞണ്ട്‌ തുടങ്ങിയ ഇനം മത്സ്യങ്ങള്‍ തീര്‍ത്തും ലഭിക്കാതെയായി. മിഥുനം-കര്‍ക്കിടകം മാസത്തില്‍ ഒരു കോളു പ്രതീക്ഷിച്ച തൊഴിലാളി കുടുംബങ്ങള്‍ കടുത്ത നിരാശയിലാണ്‌. പ്രധാനമായും ഊന്നി, ചീനവല, നീട്ടുവല, പള്ളിവല, വീശുവല തുടങ്ങിയ വലകളാണ്‌ ഉള്‍നാടന്‍ കായലുകളില്‍ പ്രധാനമായും മത്സ്യബന്ധനത്തിന്‌ ഉപയോഗിച്ചുവരുന്നത്‌. മത്സ്യങ്ങള്‍ കിട്ടാതായതോടെ ഭാവി പ്രതീക്ഷകള്‍ക്കായുള്ള നീക്കിയിരുപ്പ്‌ തരപ്പെടില്ലെന്ന ആശങ്കയിലാണ്‌ കുടുംബങ്ങള്‍. കാലംതെറ്റിവന്ന പായല്‍കൂട്ടവും മത്സ്യസംസ്ക്കരണ ശാലകളില്‍നിന്നും പുറന്തള്ളുന്ന മലിനജലവും കായലുകളിലെ മത്സ്യക്കുറവിന്‌ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യപ്രജനനവും ഇക്കാരണത്താല്‍ നടക്കാതാകുമെന്നും മുതിര്‍ന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. കായലിനെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന്‌ തൊഴിലാളികള്‍ നിര്‍മാണത്തൊഴിലിനെ ആശ്രയിച്ചുതുടങ്ങിയതായും പറയുന്നു. കെ.കെ.റോഷന്‍കുമാര്‍