കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടുവന്നിട്ട സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര് പോലീസ് പിടിയില്‍. കോട്ടക്കല്‍ സ്വദേശികളായ സാജിര്‍, അറാഫത്ത്, നസീഹ് എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും.
കഴിഞ്ഞയാഴ്ചയാണ് റെയില്‍വെ ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടുവച്ചത്. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ട്രെയിന്‍ അട്ടിമറിക്ക് കേസെടുത്തിരുന്നു. എന്നാല്‍ ട്രെയിന്‍ അട്ടിമറിക്കാനല്ല ശ്രമിച്ചതെന്നും സ്കൂട്ടര്‍ ഉടമയോടുള്ള വിരോധം തീര്‍ക്കാന്‍ സ്കൂട്ടര്‍ നശിപ്പിക്കാനാണ് ട്രാക്കില്‍ കൊണ്ടിട്ടതെന്ന് പ്രതികള്‍ പോലീസിനു മൊഴി നല്കി.
തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന 12082 നമ്പര്‍ ജനശതാബ്ദി എക്സ്പ്രസ് കടന്നുപോകുന്ന സമയത്തായിരുന്നു സംഭവം. ട്രാക്കിലിരുന്ന സ്കൂട്ടര്‍ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മോഷ്ടിച്ച സ്കൂട്ടറാണ് പാളത്തില്‍ സ്ഥാപിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പിന്നീട് പോലീസ് അന്വേഷണത്തില്‍ വടകര ചോറോട് സ്വദേശി ജാബിറിന്റെതാണ് സ്കൂട്ടര്‍ എന്ന് ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: