അബുദാബി: സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് അബുദാബിയില്‍ വന്‍ ദുരന്തം. നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴിനാണ് അപകടം.
ഖലീജ് അല്‍ അറബ് റോഡില്‍നിന്ന് മുസഫ വ്യവസായ നഗരിയിലേക്കും താരിഫിലേക്കും തിരിയുന്ന ഭാഗത്താണ് അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വലിയ ഒരു ബസും രണ്ട് മിനി ബസുകളുമാണ് അപകടത്തില്‍പ്പെട്ടത്. മിനി ബസുകളില്‍ ഒന്ന് പൂര്‍ണമായി തകര്‍ന്നു. വലിയ ബസും മറ്റൊരു മിനി ബസും ഭാഗികമായും തകര്‍ന്നു. ഖലീജ് അല്‍ അറബ് റോഡിലെ പ്രധാന തിരിവില്‍ സ്കൂള്‍ ബസുകള്‍ക്കു പിറകെ എത്തിയ ഏതാനും വാഹനങ്ങളും കൂട്ട ഇടിയില്‍ പെട്ടിട്ടുണ്ട്. വേഗത കൂടിയ ട്രാക്കില്‍നിന്ന് വലിയ ബസ് പെട്ടെന്ന് തിരിഞ്ഞതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. അപകടം സംബന്ധിച്ച് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.
അപകടത്തെ തുടര്‍ന്ന് മുസഫ താരിഫ് ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും സതംഭിച്ചു. അബുദാബി പോലീസ്, സിവില്‍ ഡിഫന്‍സ് സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: