തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക ഹൃദയദിനം ആഘോഷിച്ചു. ഇതോടൊപ്പം നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നാനൂറോളം പേര് പങ്കെടുത്തു. സൗജന്യ ഹൃദയ പരിശോധന, കൊളസ്ട്രോള്‍ പ്രൊഫൈല്‍ പരിശോധന, രക്തത്തിലെ പ്രമേഹ നിര്‍ണയം, ഇ.സി.ജി. പരിശോധന എന്നിവ മെഡിക്കല്‍ ക്യാമ്പില്‍ സജ്ജമാക്കിയിരുന്നു. ഹൃദയാരോഗ്യത്തെപ്പറ്റി വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസുകളെടുത്തു.
നമ്മുടെ കേരളത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രതിദിനം വര്‍ധിച്ചു വരികയാണ്. ജീവിത ശൈലീരോഗങ്ങളുടെ പ്രാരംഭാവസ്ഥ സ്കൂള്‍കുട്ടികളിലും കണ്ടുവരുന്നു. ഈയൊരവസ്ഥയില്‍ ‘ഹൃദയ പരിപാലനത്തിലൂടെ ശരീരത്തെ സംരക്ഷിക്കുക’ എന്ന സന്ദേശവുമായി പൊതുജന ബോധവത്കരണത്തിന് വേണ്ടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, കേരള ഹാര്‍ട്ട് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. എ. ജോര്‍ജ് കോശി, കൗണ്‍സിലര്‍മാരായ എസ്.എസ്. സിന്ധു, അയിഷാ ബെക്കര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥന്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, കേരള ഹാര്‍ട്ട് ഫൗണ്ടേഷന് പ്രോജക്ട് ഓഫീസര്‍ ഡോ. കെ. ശിവപ്രസാദ്, കെ.എച്ച്.ആര്.ഡബ്ലിയു.എസ്. എം.ഡി. അശോക് ലാല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: