തുറവൂര്‍: എഴുപുന്ന പഞ്ചായത്ത് കൊമ്പനാ തുരുത്ത് പാടശേഖരത്തില്‍ വീണ്ടും പുതിയ വിരുന്നുകാരെത്തി. സ്പോട്ട് ബില്‍ഡ് പെലിക്കന്‍ എന്ന അപൂര്‍വ ഇനം പക്ഷികളാണ് ഇവിടെ എത്തിയത്.
പുള്ളിച്ചുണ്ടന്‍ കൊതുമ്പനം എന്നതാണ് ഇതിന്റെ മലയാള നാമം. പെലിക്കാനസ് ഫിലിപ്പന്സീസ് എന്നതാണ് ശാസ്ത്രനാമം. കൊമ്പനാ തുരുത്ത് പാടത്തില്‍ മൂന്ന് ദിവസമായി പതിനൊന്നു പക്ഷികള്‍ തമ്പടിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ കണ്ടുകളം എന്ന സ്ഥലത്തും ഈ പക്ഷികളുണ്ടെന്ന് പക്ഷി നിരീക്ഷകര്‍ പറഞ്ഞു.
മത്സ്യകൃഷി കഴിഞ്ഞുവെള്ളം നിറഞ്ഞു കിടക്കുന്ന പാടശേഖരത്തില്‍ ചെറുമീനുകള്‍ ഉണ്ട്. ഇത് കൊത്തിയെടുക്കാനാണ് ഇവ എത്തിയത്. പെലിക്കന്‍ പക്ഷികളില്‍ ചിലതിന്റെ ചിറകുകള്ക്കും തവിട്ടു നിറമാണ്. താറാവു വെള്ളത്തില്‍ നീന്തുന്നതു പോലെ ഈ പക്ഷികളും നീന്തിയാണ് മീനുകളെ കൊത്തിയെടുക്കുന്നത്.
ചുണ്ടിന് ഒരടിയോളം നീളമുണ്ട്. ദിനംപ്രതി ധാരാളം പേര് ഈ പക്ഷികളെ കാണാന്‍ കൊമ്പനാ തുരുത്ത് പാടശേഖരത്തില്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: