ഹോം » കേരളം » 

മൂലമറ്റം തീപിടിത്തം: ജീ‍വനക്കാര്‍ കുറ്റക്കാരല്ലെന്ന് റിപ്പോര്‍ട്ട്

July 7, 2011

ഇടുക്കി : മൂലമറ്റം പവര്‍ഹൗസില്‍ ജനറേറ്ററിന്‌ തീപിടിച്ച സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത്‌ വീഴ്ച ഉണ്ടായിട്ടില്ലെന്ന്‌ കെ.എസ്‌.ഇ.ബി. നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തി. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്‌ വന്‍ അപകടം ഒഴിവായത്‌.

അഞ്ചാം നമ്പര്‍ ജനറേറ്ററിലെ കപ്പാസിറ്റര്‍ പ്രവര്‍ത്തന രഹിതമായതാണ്‌ അപകടത്തിന്‌ ഇടയാക്കിയതെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രണ്ട് ജീവനക്കാരാണ് പവര്‍ഹൌസിലെ തി പിടിത്തത്തില്‍ മരിച്ചത്. രണ്ട് ദിവസത്തേയ്ക്ക് പവര്‍ ഹൌസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കുകയും ചെയ്തു.

തീപിടിത്തമുണ്ടായ അഞ്ചാം നമ്പര്‍ ജനറേറ്ററിന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള നിഗമനം. അങ്ങനെയെങ്കില്‍ വലിയ അറ്റകുറ്റപ്പണികള്‍ കൂടാതെ ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയും. ജനറേറ്റര്‍ അഴിച്ചുള്ള പരിശോധന മൂലമറ്റത്ത് പുരോഗമിക്കുകയാണ്.

വൈദ്യുതി തരംഗങ്ങളിലെ വ്യതിയാനങ്ങള്‍ നിയന്ത്രിക്കാനുള്ള ജനറേറ്ററിലെ കപ്പാസിറ്റര്‍ പ്രവര്‍ത്തന രഹിതമായത് തീപ്പൊരിക്ക് കാരണമായി എന്നാണ് അന്വേഷണ സംഘം കരുതുന്നത്. തീപ്പൊരി ജനറേറ്ററിലെ കണ്‍‌ട്രോള്‍ പാനലില്‍ തീപിടിത്തത്തിന് കാരണമായി. തീപിടുത്തത്തെ തുടര്‍ന്ന്‌ പാനല്‍ ബോര്‍ഡിന്റെ ഒരു ഭാഗം ഇളകി മാറുകയും തീ പുറത്തേയ്ക്ക് വ്യാപിയ്ക്കുകയുമായിരുന്നു. ഇതാണ് ജീവനക്കാര്‍ക്ക് പൊള്ളലേല്‍ക്കാന്‍ കാരണമായത്.

റിപ്പോര്‍ട്ട് അടുത്തയാഴ്ച വൈദ്യുതി ബോര്‍ഡിന് കൈമാറും.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick