ഹോം » ഭാരതം » 

അഴിമതി ഇന്ത്യക്ക്‌ ചീത്തപ്പേരുണ്ടാക്കി: നാരായണമൂര്‍ത്തി

June 17, 2011

ന്യൂദല്‍ഹി: രാജ്യത്ത്‌ നിലനില്‍ക്കുന്ന അഴിമതി വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്ക്‌ ചീത്തപ്പേരുണ്ടാക്കിയെന്ന്‌ ഇന്‍ഫോസിസ്‌ സ്ഥാപകന്‍ എന്‍.ആര്‍.നാരായണമൂര്‍ത്തി. ഇന്ത്യയില്‍ നടക്കുന്ന അഴിമതിവിരുദ്ധ സമരങ്ങളും പ്രക്ഷോഭങ്ങളും പുറംനാടുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകള്‍ രാജ്യത്തിന്റെ പ്രതിഛായക്ക്‌ മങ്ങലേല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. മാസംതോറും താന്‍ കണ്ടുമുട്ടുന്ന നാല്‍പ്പതോളം വിദേശീയരില്‍ മൂന്നില്‍ ഒരുഭാഗം ആളുകളും ഇന്ത്യയിലെ അഴിമതിക്കേസുകളെക്കുറിച്ച്‌ തിരക്കാറുണ്ട്‌. ഇത്തരമൊരു സാഹചര്യത്തില്‍ അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കണമെന്നുതന്നെയാണ്‌ തന്റെ ആഗ്രഹം അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്‌ അഴിമതിക്കേസുകള്‍ കൂടുതല്‍ വിശദമായ അന്വേഷണത്തിന്‌ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കെതിരെയെടുക്കുന്ന നിലപാടുകള്‍ തൃപ്തികരമല്ലെന്നും പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടൂകൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കഴിഞ്ഞവര്‍ഷം വിരമിച്ച നാരായണമൂര്‍ത്തി രാജ്യത്തെ ഐടിമേഖലയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച വ്യവസായ സംരംഭകരിലൊരാളായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick