കൊല്‍ക്കത്ത: വിശ്വപ്രസിദ്ധമായ രാധാ പരമ്പര ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിത്രകാരന് സുഹാസ് റോയ് (80) വിടവാങ്ങി. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1936-ല്‍ ബംഗ്ലാദേശില്‍ ജനിച്ച സുഹാസ് റോയ് ഇന്ത്യന്‍ കോളേജ് ഓഫ് ആര്‍ട്സിലെ പഠനത്തിനു ശേഷം ഗ്രാഫിക് ഡിസൈനിങില്‍ പാരീസിലെ ഇക്കോള്‍ നാഷണല്‍ സുപ്പീരിയര്‍ ദേ ബ്യൂസ് ആര്‍ട്സില്‍ ഉപരി പഠനം നേടി. ഇന്ത്യന്‍ കോളേജ് ഓഫ് ആര്‍ട്സിന്റെ പ്രിന്സിപ്പിളായും ശാന്തി നികേതന്‍ കലാഭവന്‍ സ്കൂളിലെ ചിത്രകല അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സുഹാസ് റോയിയുടെ നിരവധി ചിത്രങ്ങള്‍ ടോക്കിയോയില്‍ നടന്ന ഏഴാമത് ഇന്റര്‍ നാഷണല്‍ ചിത്രകലാപ്രദര്ശനത്തിലടക്കം വിവിധസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പലതും യുഗോസ്ലോവാക്കിയ, റൊമാനിയ, ചെക്കോസ്ളോവാക്കിയ, ഹംഗറി എന്നീ രാജ്യങ്ങളില്‍ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കി. യേശു ക്രിസ്തുവിന്റെ പലതരത്തിലുള്ള ഛായാചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്.
പാരമ്പര്യ കഥാതന്തുക്കളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് അദ്ദേഹം ചിത്രീകരിച്ച രാധയെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ദീപാവലിയ്ക്കു ശേഷം ദല്‍ഹിയില്‍ നടക്കുന്ന രാധാ ചിത്രങ്ങളുടെ പ്രദര്‍ശന പരിപാടികളുടെ മുന്നൊരുക്കത്തിലായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: