യോന്‍ഡെ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ട്രെയിന്‍ പാളം തെറ്റി 55പേര് മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. കാമറൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിന്‍ പാളം തെറ്റി കീഴ്മേല്‍ മറിയുകയായിരുന്നു. 600 പേര് യാത്ര ചെയ്യേണ്ട ട്രെയിനില്‍ അപകട സമയത്ത് 1300ലധികം പേര് യാത്ര ചെയ്തിരുന്നതായി ദ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാമറൂണിലെ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് യാത്രക്കാര്‍ക്കായി എട്ട് ബോഗികള്‍ അധികമായി ട്രെയിനില്‍ ഘടിപ്പിച്ചിരുന്നു. ഇതാണ് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി എഡ്ഗാര്‍ഡ് അലെന്‍ മെബേന്ഗോയെ ഉദ്ദരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: