ആലപ്പുഴ: വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച് ഗിന്നസ് റിക്കാര്‍ഡ് ഉള്‍പ്പെടെ യൂണിവേഴ്സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടിയ കേരളത്തിലെ പ്രതിഭകള്‍ ആദ്യമായി ഒത്തുചേരുന്നു. കേരള പിറവി ദിനത്തില്‍ വേമ്പനാട് കായല്‍ പരപ്പില്‍ അക്വാ ഹോളിഡേഴ്സില് ആണ് ‘ലോക മികവ്’ എന്ന പേരില്‍ ഒത്തുചേരുന്നത്. യൂണിവേഴ്സല്‍ റിക്കാര്‍ഡ്സ് ഫോറം ഓര്ഗനൈസേഷന് ആണ് സംഘാടകര്‍. നവംബര്‍ ഒന്നിന് രാവിലെ പത്തിനാണ് സംഗമം.
യുആര്‍എഫ് ഏഷ്യ ജൂറി ചെയര്മാന് ഡോ. ഗിന്നസ് സുനില്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. ദേശിയ വൈസ് പ്രസിഡന്റ് ഡോ. സൗദീപ് ചാറ്റര്‍ജി അദ്യക്ഷത വഹിക്കും. ഗിന്നസ് പക്രു മുഖ്യ സന്ദേശം നല്‍കും. ഗിന്നസ് പ്രജീഷ് കണ്ണന് പ്രസംഗിക്കും. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ റിക്കാര്‍ഡ് ജേതാക്കളായ തിരുവനന്തപുരം ട്രാക്കോ കേബിള്‍ കമ്പനി പേഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് മാനേജര്‍ ബി.ലേഖ, എടത്വാ വാലയില്‍ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന് ചെയര്മാന് ഡോ ജോണ്സണ് വാലയില്‍ ഇടിക്കുള എന്നിവര്‍ക്ക് ഗിന്നസ് സുനില്‍ ജോസഫ് സര്‍ട്ടിഫിക്കറ്റും ട്രോഫിയും അംഗികാരമുദ്രയും സമ്മാനിക്കും.
പ്രതിഭകളെ കുറിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ വാര്‍ത്ത ശേഖരങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.റിക്കാര്‍ഡ് ജേതാക്കളുടെ ജീവിതാനുഭവങ്ങളും വിജയരഹസ്യവും ഉള്‍പ്പെടുത്തി മലനാട് കമ്മ്യൂണിക്കേഷന്‍ സംവിധാനം ചെയ്യുന്ന വീഡിയോ ആല്‍ബത്തിന്റെ ചിത്രികരണം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: