ഇന്ത്യ-പാക്‌ വിദേശകാര്യമന്ത്രിമാര്‍ 27ന്‌ കൂടിക്കാഴ്ച നടത്തും

Thursday 7 July 2011 8:56 pm IST

ഇസ്ലാമബാദ്‌: ഇരുരാജ്യങ്ങളും തമ്മില്‍ പുനരാരംഭിച്ച ഉഭയകക്ഷി ചര്‍ച്ചകളിലെ പുരോഗതി വിലയിരുത്താനായി ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാര്‍ 27ന്‌ ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
ചര്‍ച്ചകള്‍ക്ക്‌ മുന്നോടിയായി പരിപൂര്‍ണാധികാരമുള്ള ഒരു വിദേശകാര്യമന്ത്രിയെ പാക്കിസ്ഥാന്‍ നിയോഗിക്കേണ്ടതായുണ്ട്‌. വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയുള്ള ഹീനാ റബ്ബാനി ഖേര്‍ പാക്‌ വിദേശകാര്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നാണ്‌ സൂചന. ഇതോടൊപ്പം ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള സൈനിക പ്രതിനിധികള്‍ ജൂലൈ മധ്യത്തോടുകൂടി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്‌. നിയന്ത്രണ രേഖയെക്കുറിച്ചും ആണവായുധങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ചകള്‍ നടത്തുക വഴി സമാധാന ശ്രമങ്ങള്‍ക്ക്‌ ആക്കം കൂട്ടുക എന്നതാവും കൂടിക്കാഴ്ചയുടെ ലക്ഷ്യം.
പാക്‌ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നതിന്‌ ഒരു ദിവസംമുമ്പുതന്നെ ആ രാജ്യത്തുനിന്നുള്ള വിദേശകാര്യ സെക്രട്ടറിയും ദല്‍ഹിയിലെത്തും. ഉന്നതതല ചര്‍ച്ചകള്‍ക്ക്‌ മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്താനായാണ്‌ പാക്‌ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീര്‍ ഇന്ത്യയിലെത്തുന്നത്‌. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു മൂന്നാഴ്ചകള്‍ക്ക്‌ മുന്‍പ്‌ ഇസ്ലാമബാദ്‌ സന്ദര്‍ശിച്ചതോടുകൂടിയാണ്‌ ഇരുരാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്താന്‍ വഴിയൊരുങ്ങിയത്‌.