കോട്ടയം: കത്തെഴുത്ത് സംസ്കാരത്തിലേക്ക് പുതുതലമുറയെ തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പോസ്റ്റല്‍ ഡിവിഷന് ‘കുട്ടി തപാല്‍’ എന്നപദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 1000 ത്തോളം കുട്ടികള്‍ കോട്ടയം ജില്ലാപോലീസ് മേധാവിക്ക് കത്തുകള്‍ അയച്ചു. കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്താന്‍ ഈ പദ്ധതി വളരെയേറെ പ്രയോജനം ചെയ്തുവെന്നും ഈ കത്തുകളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന വിഷയങ്ങളിലേക്ക് അടിയന്തിര ശ്രദ്ധ പതിപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന് അറിയിച്ചു. എഴുത്തിന്റെ മൂല്യം കുട്ടികളില്‍ വളര്‍ത്തുക എന്നതാണ് ‘കുട്ടിതപാല്’ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. സ്കൂള്‍ കുട്ടികള്‍ക്ക് തികച്ചും സൗജന്യമായാണ് പോസ്റ്റ് കാര്‍ഡും ഇന്‍ലന്‍ഡും മുഖേന കത്തയയ്ക്കാന്‍ കോട്ടയം പോസ്റ്റല്‍ ഡിവിഷന് അവസരമൊരുക്കുന്നത്. രാജ്യത്ത് ഇത്തരത്തിലെ ആദ്യ പദ്ധതിയാണ് പോസ്റ്റല്‍ വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയത്ത് തുടങ്ങിയ കുട്ടിതപാല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: