ഹോം » ഭാരതം » 

പിതൃത്വപരിശോധന: തിവാരിയോട്‌ കോടതി വിശദീകരണം തേടി

July 7, 2011

ന്യൂദല്‍ഹി: പിതൃത്വ പരിശോധനക്കായി രക്തം സാമ്പിള്‍ നല്‍കണമെന്നുള്ള കോടതി ഉത്തരവ്‌ ലംഘിച്ചതില്‍ ദല്‍ഹി ഹൈക്കോടതി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ എന്‍.ഡി. തിവാരിയോട്‌ വിശദീകരണം ആവശ്യപ്പെട്ടു.
കോടതി ഉത്തരവ്‌ നിരാകരിക്കാന്‍ തിവാരിക്കധികാരമില്ലെന്നും ഡിഎന്‍എ പരിശോധനക്കായി രക്തം നല്‍കണമെന്നുമുള്ള ഉത്തരവ്‌ എന്തുകൊണ്ടാണ്‌ ഇദ്ദേഹം ലംഘിച്ചതെന്ന്‌ രേഖാമൂലം വ്യക്തമാക്കണമെന്നും ജസ്റ്റിസ്‌ ഗീതാ മിത്തല്‍ തിവാരിയുടെ അഭിഭാഷകനോട്‌ ആവശ്യപ്പെട്ടു. തിവാരി തന്റെ പിതാവാണെന്നും ഇക്കാര്യം സ്ഥിരീകരിക്കാനായി ഡിഎന്‍എ പരിശോധന നടത്താന്‍ അനുവദിക്കണമെന്നും കാട്ടി 31കാരനായ രോഹിത്‌ ശേഖര്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ കോടതി തിവാരിയോട്‌ രക്തസാമ്പിള്‍ നല്‍കാന്‍ ഉത്തരവിട്ടത്‌. പരിശോധനക്കായി രക്തം നല്‍കണമെന്ന്‌ സുപ്രീംകോടതിയും തിവാരിയോട്‌ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ സമ്മര്‍ദ്ദത്തിലാക്കി തന്നെ രക്തം നല്‍കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇതനുവദിക്കാനാകില്ലെന്നുമാണ്‌ തിവാരി കോടതി ഉത്തരവുകളോട്‌ പ്രതികരിച്ചത്‌. ഇതേത്തുടര്‍ന്ന്‌ തിവാരി കോടതിയലക്ഷ്യം നടത്തുകയാണെന്ന്‌ കാട്ടി രോഹിത്‌ ശേഖര്‍ വീണ്ടും കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ്‌ ഹൈക്കോടതി തിവാരിയോട്‌ വിശദീകരണം ആവശ്യപ്പെട്ടത്‌.
ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായിട്ടുള്ള തിവാരി ആന്ധ്രാപ്രദേശ്‌ ഗവര്‍ണറായിരിക്കെ ഒരു ലൈംഗികാപവാദ കേസില്‍പെട്ട്‌ രാജിവെക്കുകയാണുണ്ടായത്‌. 85കാരനായ തിവാരി തന്റെ പിതാവാണെന്ന അവകാശവാദവുമായി രോഹിത്‌ ശേഖര്‍ രംഗത്തുവന്നതോടുകൂടി ഇദ്ദേഹം മാധ്യമങ്ങളില്‍ നിന്ന്‌ കഴിവതും അകന്നുകഴിയുകയാണ്‌.

Related News from Archive
Editor's Pick